വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചു; 90 ശതമാനം എണ്ണ ഇതര നിക്ഷേപം- നിക്ഷേപ മന്ത്രി
text_fieldsറിയാദ്: സൗദിയിലെ വിദേശ നിക്ഷേപം നാലിരട്ടിയായി വർധിച്ചതായും അതിൽ 90 ശതമാനം എണ്ണ ഇതര നിക്ഷേപമാണെന്നും നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഒമ്പതാം പതിപ്പ് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് നിക്ഷേപ മന്ത്രി ഇക്കാര്യം പറഞ്ഞത്.
വളർച്ചയുടെ പ്രാഥമിക എഞ്ചിനായി എണ്ണയിതര സമ്പദ്‌വ്യവസ്ഥ മാറിയിരിക്കുന്നു. വിദേശ നിക്ഷേപം ഇപ്പോൾ അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, സാങ്കേതികവിദ്യ, ടൂറിസം, സംരംഭകത്വം, ഡീപ് ടെക്നോളജി, വെഞ്ച്വർ ക്യാപിറ്റൽ തുടങ്ങിയ എണ്ണയിതര മേഖലകളിലേക്കാണ് പോകുന്നതെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.
വളർച്ചയുടെ ഒരു പ്രധാന ഭാഗം പ്രാദേശിക നിക്ഷേപങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും ആ നിക്ഷേപങ്ങളുടെ അനുപാതം ജി.ഡി.പിയുടെ 30 ശതമാനം ആയി ഉയർന്നതായും നിക്ഷേപ മന്ത്രി സൂചിപ്പിച്ചു. നിലവിൽ രാജ്യത്തിന്റെ ബജറ്റിന്റെ 40 ശതമാനം എണ്ണ ഇതര വരുമാനത്തിൽ നിന്നാണ് ലഭിക്കുന്നത്. ഇത് സാമ്പത്തിക വൈവിധ്യവൽക്കരണ നയത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു.
വിഷൻ 2030 സ്വപ്നത്തിൽ നിന്ന് യാഥാർഥ്യയമായി മാറി. എണ്ണ ഇതര സാമ്പത്തിക വളർച്ചയുടെയും സൗദി സാക്ഷ്യം വഹിക്കുന്ന നിക്ഷേപ കുതിച്ചുചാട്ടത്തിന്റെയും സൂചകങ്ങളിൽ ഇത് പ്രതിഫലിക്കുന്നുവെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറയ്ക്കുകയും തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണപരമായ മാറ്റമെന്ന് അൽഫാലിഹ് പറഞ്ഞു. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചതായും നിക്ഷേപ മന്ത്രി സൂചിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

