സിഫ് ടൂർണമെൻറിന് ഇന്ന് പന്തുരുളും
text_fieldsജിദ്ദ: പ്രവാസലോകത്തെ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന പതിനെട്ടാമത് സിഫ് ഇൗസ്ടീ (സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം) ലീഗ് ഫുട്ബാൾ ടൂർണമെൻറിന് ഇന്ന് പന്തുരുളും. മദീന റോഡ് എച്ച് ബ്രഡ്ജിനടുത്ത് വിദ്യാഭ്യാസ വകുപ്പ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് നാല് മാസം നീളുന്ന ഫുട്ബാൾ മാമാങ്കത്തിന് തുടക്കമാവുന്നത്.
നാല് ഡിവിഷനുകളിലായി 32 ടീമുകൾ മാറ്റുരക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വർണാഭമായ മാർച്ച്പാസ്റ്റിൽ ജിദ്ദ, മക്ക, റാബിഖ് എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ ടീമുകളും കലാകായിക സാംസ്കാരിക സംഘടന പ്രതിനിധികളും അണിനിരക്കും. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ഗാർഡ് ഒാഫ് ഒാണർ സ്വീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ ടീമുകൾക്ക് വേണ്ടി നാട്ടിൽ നിന്നുള്ള ദേശീയ അന്തർദേശീയ താരങ്ങൾ ഗ്രൗണ്ടിലിറങ്ങും.
തമിഴ്നാട്, കാലിക്കറ്റ് സർവകലാശാല തുടങ്ങിയ ടീമുകളിലെ താരങ്ങൾ കളത്തിലിറങ്ങുന്ന ഉദ്ഘാടന മൽസരങ്ങളിൽ പ്രിൻറക്സ് യാസ് ക്ലബ്, ജിദ്ദ യംങ്മെൻസ് എഫ്.സി നീറാട് ജിദ്ദ ജൂനിയറുമായും മെഡിസ്പോ സോക്കർ ഫ്രിക്സ്, സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ ബിയുമായും ഇൗസി ട്രാവൽസ് ഫ്രണ്ട്സ് ക്ലബ് ജിദ്ദ, നദ ബ്ലാസ്റ്റേഴ്സ് എഫ്സിയുമായും ഏറ്റുമുട്ടും.
മാർച്ച് ഒമ്പതിനാണ് ഫൈനൽ മൽസരം. കാണികൾക്ക് എയർടിക്കറ്റ് ഉൾപെടെ സമ്മാനങ്ങളും മെഗാ സമ്മാനവും ഒരുക്കി മലയാളി ജിദ്ദയുടെ ഉൽസവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ. ഇൗസ്റ്റേൺ കറി പൗഡർ മുഖ്യപ്രായോജകരായ ടൂർണമെൻറിൽ ജിദ്ദ നാഷനൽ ആശുപത്രി, അൽഅബീർ മെഡിക്കൽ ഗ്രൂപ്പ്, ഡബിൾ ഹോഴ്സ് റൈസ്, അൽഅറബി സ്വീറ്റ്സ് എന്നിവർ സഹ പ്രായോജകരാണ്.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ബേബി നീലാമ്പ്ര, ഷബീർ അലി, അബ്ദുൽ കരീം, അയ്യൂബ് മുസ്ലിയാരകത്ത്, നിസാം മമ്പാട്, നാസർ ശാന്തപുരം, അംജദ് വാഴക്കാട്, നാസർ ഫറോഖ്, അൻവർ വല്ലാഞ്ചിറ, ടി.പി ശുെഹെബ്, വി.പി സിയാസ്, സാദിഖ് പാണ്ടിക്കാട് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
