ജിദ്ദയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾക്ക് തുടക്കമാകുന്നു
text_fieldsകണ്ണമംഗലം മാസ് റിലീഫ് സെൽ ഭാരവാഹികൾ ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ
ജിദ്ദ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ജീദ്ദയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങളുയരുന്നു. ഇനി മുതൽ ഓരോ ആഴ്ചയിലും വിവിധ കൂട്ടായ്മകളും ഫുട്ബാൾ ക്ലബുകളുമാണ് ഫുട്ബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. അതിന്റെ ആദ്യപടിയായി ഈ വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണമംഗലം മാസ് റിലീഫ് സെൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കും.
അബീർ മെഡിക്കൽ ഗ്രൂപ് വിന്നേഴ്സ് ട്രോഫിക്കും കാഷ് അവാർഡിനും മൂവർണപ്പട ജി.സി.സി റണ്ണേഴ്സ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറാണ് ജിദ്ദ മത്താർ ഗദീം ശബാബിയ്യ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിന് നടക്കുക. അബീർ മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന മത്സരത്തിൽ റോയൽ എഫ്.സി, ജിദ്ദ ഇലവനെ നേരിടും. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗല്ഭരായ എട്ട് ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
ഡോമിനോസ് എഫ്.സി ജിദ്ദ, അഡ്മോൻഡ് എഫ്.സി, പവർ സ്പോട്ഫിറ്റ്നസ്, റെഡ് സീ ബ്ലാസ്റ്റേഴ്സ്, ബി.എഫ്.സി ജിദ്ദ, ഗ്ലോബ് എഫ്.സി തുടങ്ങിയവയാണ് മറ്റു ടീമുകൾ. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. നിത്യജീവിതത്തിന് പ്രയാസപ്പെടുന്ന ഒരു മുൻ പ്രവാസിക്ക് മാസ് റിലീഫ് സെൽ നിർമിച്ചുനൽകുന്ന വീട് പണി പൂർത്തീകരിക്കാനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാമ്പത്തികം കണ്ടെത്തുന്നതിനും വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
14 പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം നൽകാൻ മാസിന്റെ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചിട്ടുണ്ടെന്ന് മാസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുബാറക് റസ്റ്റാറന്റ് ആൻഡ് അദ്നാൻ റെഡിമെയ്ഡ് സെന്റർ, ഖമീസ് മുശൈത്ത് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഖലീജ് ഇൻതിയാസ് എസ്റ്റാബ്ലിഷ്മെന്റ് ഇമ്പോർട്ടിങ് ആൻഡ് മാർക്കറ്റിങ് കമ്പനി ജിദ്ദ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ജൂനിയർ തലത്തിലെ പ്രമുഖ ടീമുകളായ മെഡിസ്പോ, സൂറത്ത് ജിദ്ദ സൂപ്പർ മാർക്കറ്റ്, അമിഗോസ്, ഖഹ്ത്വാനി ടയേഴ്സ്, ഗഗ്നൻസ്, ജെ.എസ്.സി സോക്കർ അക്കാദമി തുടങ്ങിയ ആറു ടീമുകളെ ഉൾപ്പെടുത്തി ജൂനിയർ ടൂർണമെന്റും ഇതോടൊപ്പം നടക്കുന്നുണ്ട്. മത്സരം കാണാൻ എത്തുന്നവർക്ക് സൗജന്യ പ്രമേഹ, ഷുഗർ പരിശോധനകൾ അബീർ മെഡിക്കൽ ഗ്രൂപ് ഒരുക്കിയിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ മാസ് റിലീഫ് സെൽ കൺവീനർ മജീദ് ചേറൂർ, സ്പോർട്സ് കൺവീനർമാരായ കെ.സി. ഷെരീഫ്, നാസർ കോഴിത്തൊടി, വൈസ് ചെയർമാൻ ഉണ്ണീൻ ഹാജി കല്ലാക്കൻ, ട്രഷറർ സാദിഖലി കോയിസ്സൻ, അബീർ പ്രതിനിധികളായ ജലീൽ ആലുങ്ങൽ, സിദ്ദീഖ്, ശിഹാബ് ചേർപ്പുളശ്ശേരി, മൂവർണപ്പട ജി.സി.സിയുടെ കെ.ടി. റസാഖ്, മാസ് ഭാരവാഹികളായ ഇല്യാസ് കണ്ണമംഗലം, അഫ്സൽ പുളിയാളി, എ.കെ. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

