ജിദ്ദയിൽ ഫുട്ബാൾ ആവേശത്തിര; കിങ്സ് കപ്പ് വീണ്ടും അൽ ഇത്തിഹാദിന്
text_fieldsകരീം ബെൻസേമക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കപ്പ് സമ്മാനിച്ചപ്പോൾ
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള 2024-25 വർഷത്തെ കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ ഇത്തിഹാദ് ക്ലബിന് കിരീടം. അൽ ഖാദിസിയ ക്ലബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാഅ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലോക താരം കരീം ബെൻസിമയുടെ രണ്ട് ഗോളുകളും അൾജീരിയൻ താരം ഹുസാം അവാറിന്റെ ഒരു ഗോളുമാണ് ഇത്തിഹാദിനെ വിജയത്തിലേക്ക് നയിച്ചത്. അര ലക്ഷത്തിലേറെ ആളുകളാണ് മത്സരം വീക്ഷിക്കാനെത്തിയത്.
അൽ ഇത്തിഹാദ് ടീമിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ്സ് കപ്പ് സമ്മാനിച്ചു.
10ാം തവണയാണ് ഇത്തിഹാദ് കിങ്സ് കപ്പ് നേടുന്നത്. ഈ സീസണിലെ സൗദി റോഷൻ ലീഗ് കിരീടവും ഇത്തിഹാദാണ് നേടിയത്. ഫൈനൽ മത്സരത്തിൽ പങ്കെടുത്ത കിരീടാവകാശിയെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ഹൃദ്യമായ നന്ദി അറിയിച്ചു.
രാജ്യത്തെ സ്പോർട്സ് മേഖലയുടെ നിലവാരം ഉയർത്തുന്നതിൽ ഭരണകൂടം പുലർത്തുന്ന താൽപര്യത്തിെൻറ പ്രതിഫലനമാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ കായികതാരങ്ങൾക്കും ഇതൊരു വലിയ ബഹുമതിയാണ്. കൂടാതെ ഈ സുപ്രധാന മേഖലയെ പിന്തുണക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധതയുടെ പ്രായോഗിക രൂപവുമാണ്. സമീപ വർഷങ്ങളിൽ ഗുണപരമായ മാറ്റങ്ങൾക്ക് സ്പോർട്സ് മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി സൗദി അറേബ്യയെ മാറ്റാനായി.
2018 മുതൽ, ലോകമെമ്പാടുമുള്ള 32 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്ന തരത്തിൽ 143ലധികം ആഗോള കായിക മത്സരങ്ങൾ രാജ്യത്ത് സംഘടിപ്പിച്ചതായും കായിക മന്ത്രി പറഞ്ഞു.
കരീം ബെൻസേമ മികച്ച കളിക്കാരൻ
റിയാദ്: കിങ്സ് കപ്പിന്റെ ഫൈനലിൽ ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡ് അൽ ഇത്തിഹാദിന്റെ ക്യാപ്റ്റനും ഫ്രഞ്ച് താരവുമായ കരിം ബെൻസിമ നേടി. വെള്ളിയാഴ്ച വൈകീട്ട് ജിദ്ദയിൽ നടന്ന ഫൈനലിൽ അൽ ഖാദിസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കരീം ബെൻസേമയാണ് ഇത്തിഹാദിനെ 10ാം തവണയും വിജയം കിരീടം ചൂടുന്നതിലേക്ക് നയിച്ചത്. മൂന്ന് ഗോളുകളിൽ രണ്ടെണ്ണം കരീം ബെൻസേമയാണ് നേടിയത്. അൾജീരിയൻ താരം ഹുസാം ഔവർ ആണ് മറ്റൊരു ഗോൾ നേടിയത്. കുറച്ചു ദിവസം മുമ്പ് ഇതേ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സൗദി പ്രഫഷനൽ ലീഗിന്റെ അവാർഡ് കരീം ബെൻസേമ നേടിയിരുന്നു. സാലിം അൽ ദോസരി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോജർ ഇബാനെസ്, ക്രിസ്റ്റ്യൻ ഗ്വാങ്ക എന്നിവരെ പിന്തള്ളിയാണ് കരീം മെൻസിമ ഈ അവാർഡ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

