പ്രവാസത്തിെൻറ രാവുകളിൽ പെയ്യുന്ന കാൽപന്ത് മുഹബ്ബത്ത്
text_fieldsമലപ്പുറത്തുകാർക്ക് കാൽപന്തുകളി ഹൃദയത്തോട് ചേർത്തുവെച്ചൊരു മുഹബ്ബത്താണ്. നാട്ടുമ്പുറങ്ങളിലെ ആകാശത്തോളം പോന്ന കട്ടൗട്ടുകളും, കോരിച്ചൊരിയുന്ന ഇടവപ്പാതിയിലെ ചായക്കട ചർച്ചകളും, സെവൻസ് വൈകുന്നേരങ്ങളും സമ്മാനിച്ച ആവേശം ചെറുതല്ല. മെച്ചപ്പെട്ട ജീവിതത്തിനായി നാടും കുളിരും വിട്ട് പ്രവാസത്തിെൻറ ജഴ്സിയണിഞ്ഞപ്പോഴും മലയാളികൾ വേൾഡ് കപ്പിനെ കൈവിട്ടില്ല.
പകലിെൻറ ജോലിത്തിരക്കിന് ആശ്വാസമായി പാതിരാത്രി സുഹൃത്തുക്കൾ ഒത്തുകൂടി റൂമിലിരുന്ന് ആർത്തുവിളിക്കുമ്പോൾ പ്രവാസത്തിെൻറ സങ്കടങ്ങളെല്ലാം അലിഞ്ഞുപോകാറുണ്ട്. ഒരു സുവർണ കാലഘട്ടത്തെ മാന്ത്രികത കൊണ്ട് മനോഹരമാക്കിയ ഒരുപറ്റം ഇതിഹാസങ്ങൾ ഈ ടൂർണമെന്റോടെ കളമൊഴിയുകയാണെന്ന യാഥാർത്ഥ്യത്തോടെയാണ് ഈ ലോകകപ്പ് അവസാനത്തോടടുക്കുന്നത്.
പുതുതലമുറയെ സ്വപ്നം കാണാൻ പഠിപ്പിച്ച ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറുമെല്ലാം ബൂട്ടഴിക്കുകയാണ്. ഖത്തറിെൻറ മണ്ണിൽ ലോകകിരീടം ചൂടി മെസ്സി പൂർണനായതുപോലെ, ഒരു വലിയ സ്വപ്നം ബാക്കിവെച്ചാകാം ചിലപ്പോൾ മറ്റുള്ളവർ കളം വിടുന്നത്. എങ്കിലും പെലെ, മാറഡോണ, സിദാൻ, റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ, കക്ക എന്നിവർ നിറഞ്ഞാടിയ അതേ വേദിയിൽ ഇവരുടെ പേരും ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഈ സൂപ്പർ താരങ്ങൾ കളമൊഴിയുമ്പോൾ ഫുട്ബാളിെൻറ ഭാവി പുതിയ നക്ഷത്രങ്ങളുടെ കൈകളിൽ ഭദ്രമാണ്. നെയ്മറിെൻറ വിടവ് വിനീഷ്യസ് ജൂനിയർ നികത്തുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിയൻ ആരാധകർ. ഫ്രാൻസിെൻറ കിലിയൻ എംബാപ്പേയും ഉസ്മാൻ ഡെമ്പെലെയുമൊക്കെ തങ്ങളുടെ വേഗതകൊണ്ട് മൈതാനങ്ങൾക്ക് മൊഞ്ചുകൂട്ടുമ്പോൾ, സ്പെയിനിെൻറ കൗമാര വിസ്മയം ലാമിൻ യമാൽ ഫുട്ബാൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നു.
മൊറോക്കോയുടെ കരുത്തരായ ഹക്കീമിയും അയ്യൂബിയും ഈ വേദിയിൽ തങ്ങളുടെ അടയാളപ്പെടുത്തലുകൾ നടത്തുന്നുണ്ട്. എങ്കിലും, കളം വിടുന്ന ഇതിഹാസങ്ങൾ സൃഷ്ടിച്ച ആ ഓളം പുതുതലമുറയ്ക്ക് പൂർണമായി പകർന്നുതരാൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. മനുഷ്യർ തീർത്ത അതിരുകളെ ഇല്ലാതാക്കുന്ന മനോഹരമായൊരു കലകൂടിയാണ് ഫുട്ബാൾ. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച സ്പെയിനെപ്പോലെയും, മദ്യമുക്തമായ കളിനടത്തി ചരിത്രം കുറിച്ച ഖത്തറിനെപ്പോലെയും വലിയ നിലപാടുകളുടെ വേദി കൂടിയാണിത്.
സെനഗലിെൻറ സൂപ്പർ താരം സാദിയോ മാനെയെപ്പോലുള്ളവർ കളിയിലൂടെ നേടുന്ന കോടികൾ സ്വന്തം രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കായി ആശുപത്രികളും സ്കൂളുകളും പണിയാൻ ഉപയോഗിക്കുന്നത് കാണുമ്പോൾ ആദരവ് വർദ്ധിക്കുകയാണ്. യുദ്ധങ്ങളും ഉപരോധങ്ങളും തകർത്ത ഇറാെൻറ പോരാട്ടവീര്യവും, ലോകകപ്പിലേക്ക് ആദ്യമായി യോഗ്യത നേടി വന്ന് വമ്പന്മാരുടെ ഷോട്ടുകളെ നെഞ്ചുവിരിച്ചു തടുത്ത കുഞ്ഞു ദ്വീപ് രാഷ്ട്രമായ കാബോ വെർദെയുടെ ഗോൾകീപ്പർ വൊസീഞ്ഞയുടെ ചോരാത്ത കൈകളും ഫുട്ബാൾ ചരിത്രത്തിലെ അത്ഭുതങ്ങളാണ്.
വംശീയതയും വിദ്വേഷവും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യരെ ഒന്നിപ്പിക്കാൻ ഫുട്ബാളിന് കഴിയുന്നു. ശരീരത്തെയും മനസ്സിനെയും കേടുവരുത്തുന്ന ലഹരികൾക്ക് പകരം, രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് മുന്നേറുന്ന ഇത്തരം ആരോഗ്യകരമായ കായിക ലഹരികൾ ലോകത്ത് നിലനിൽക്കട്ടെ. തലമുറകൾ മാറിയാലും പന്തുരുളുന്ന കാലത്തോളം ഈ ഇതിഹാസങ്ങൾ വെട്ടിപ്പിടിച്ച ഇടം ആരാധകരുടെ ഹൃദയങ്ങളിൽ തിളങ്ങിനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

