Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭക്ഷണത്തേക്കാൾ രുചി...

ഭക്ഷണത്തേക്കാൾ രുചി സൗദിയുടെ ആതിഥേയത്വത്തിനെന്ന് ഫുഡ് വ്ലോഗർ അസ്ഹർ

text_fields
bookmark_border
ഭക്ഷണത്തേക്കാൾ രുചി സൗദിയുടെ ആതിഥേയത്വത്തിനെന്ന് ഫുഡ് വ്ലോഗർ അസ്ഹർ
cancel

റിയാദ്: ഓരോ സുലൈമാനിയിലും ഇത്തിരി മൊഹബ്ബത്ത് വേണം, അത് കുടിക്കുമ്പം, ലോകം ഇങ്ങനെ പതുക്കെയായി വന്ന് നിക്കണം എന്ന മലയാളം സിനിമ ഡയലോഗിനെ അന്വർഥമാക്കും വിധമാണ് സൗദികളുടെ ആതിഥേയത്വമെന്ന് പ്രമുഖ ഫുഡ് വ്ലോഗറും മലയാളിയുമായ അസ്ഹർ പറയുന്നു. മുഹബ്ബത്ത് ഒന്നാമതും ഭക്ഷണം രണ്ടാമതുമാണ് സൗദികൾക്ക്. ഇത് രണ്ടും ചേർന്ന് കഴിക്കുമ്പോഴാണ് മനവും വയറും നിറയുന്നതെന്ന് അവർക്ക് നന്നായി അറിയുന്നതു കൊണ്ടാകണം അവരിങ്ങനെ സൽക്കാരപ്രിയരായത്. സൗദി ഭക്ഷണ വൈവിധ്യം ലോകത്തെ പരിചയപ്പെടുത്താൻ രണ്ടു ദിവസത്തെ സന്ദർശനത്തിന് തലസ്ഥാന നഗരിയായ റിയാദിലെത്തിയതാണ് അസ്ഹർ. മധുരമേറിയ അറേബ്യൻ ഈത്തപ്പഴംപോലെ മാധുര്യമുള്ളതാണ് സൗദിയുടെ ആതിഥേയത്വമെന്ന് അസ്ഹർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. മെക്സിക്കോയിലും തുർക്കിയിലും ഉൾെപ്പടെ വിവിധ രാജ്യങ്ങളിൽ പോയി ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വ്യത്യസ്ത ഭക്ഷണ സംസ്കാരവും കാമറയിൽ പകർത്തി സമൂഹ മാധ്യമം വഴി ലോകത്തിന് പരിചയപ്പെടുത്തി സെലിബ്രിറ്റി വ്ലോഗറായി മാറിയ അസ്ഹർ മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയാണ്. ആദ്യമായാണ് സൗദി സന്ദർശിക്കുന്നത്. തീൻ മേശയിലെത്തുന്ന ഭക്ഷണത്തേക്കാൾ രുചി സൗദി അറേബ്യയുടെ ഹൃദ്യമായ വരവേൽപിനുണ്ട്. ഭക്ഷണത്തിനായി ക്ഷണിക്കുന്നവരുടെയും റസ്റ്റാറന്‍റുകളിൽ സ്വീകരിക്കുന്നവരുടെയും വിളമ്പുന്നവരുടെയുമെല്ലാം മുഖത്ത് ആ ഭാവം വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.

ഉൽപന്നങ്ങളുടെ ഗുണമേന്മയും വൃത്തിയും ഭക്ഷണശാലകളുടെ പ്രധാന തൂണുകളാണ്. അത് കൃത്യമായി സംരക്ഷിക്കുന്നതിൽ സ്ഥാപനങ്ങളും സർക്കാറും ഒരു പോലെ മുന്നിലാണെന്ന് സൗദിയിലെ റസ്റ്റാറന്‍റുകളും കോഫീഷോപ്പുകളും ഒറ്റനോട്ടത്തിൽ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനകം ആവുന്നത്ര വൈവിധ്യങ്ങൾ തേടി കണ്ടെത്തുകയും അത് ലോകത്തെ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഭക്ഷണം, ആതിഥേയത്വം, ഭാഷ, സംസ്കാരം എന്നീ കാര്യങ്ങളിൽ ഈയടുത്ത് കേരളം ഒരു അറബി നാടായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും മലബാർ. സൗദി അറേബ്യയിലെ പ്രവാസികളാണ് നാടും അറബ് നാടും തമ്മിലുള്ള അകലം കുറച്ചതിൽ പ്രധാന പങ്കുവഹിച്ചത്. അറബ് നാടി‍െൻറ ഭക്ഷണ ശൈലി പൂർണമായും പകർത്തുന്നുണ്ട്. ഭക്ഷണ മേഖലയിലെ സംരംഭകരും ഉപഭോക്താക്കളും ഗുണനിലവാരത്തി‍െൻറ കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാകരുതെന്ന് അസ്ഹർ കൂട്ടിച്ചേർത്തു. അസ്ഹറി‍െൻറ വ്ലോഗുകൾക്ക് നല്ലൊരു ശതമാനം ഫോളോവേഴ്സ് സൗദി പ്രവാസികളാണ്. ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്ഹർ തമിഴ്‌നാട്ടിൽ നിന്നും ഹോട്ടൽ മാനേജ്‌മെന്‍റിൽ ബിരുദം നേടി. അസ്ഹറി‍െൻറ അടുത്ത യാത്ര മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരി‍െൻറ രുചി നുണയാനും പരിചയപ്പെടുത്താനുമാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalitysaudiarabia
News Summary - Food vlogger Azhar Praises Saudi's hospitality
Next Story