സാധനങ്ങളുടെ പൂഴ്ത്തിവെപ്പ്: വെയർ ഹൗസിൽനിന്ന് ട്രക് ഉടമയെ അറസ്റ്റ് ചെയ്തു
text_fieldsറിയാദ്: ഉൽപന്നങ്ങൾ പൂഴ്ത്തിവെപ്പ് നടത്തി അമിത വിലക്ക് വിൽക്കുന്ന പ്രവണതക്കെതിരെ ശക്തമായ താക്കീതുമായി വാണിജ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം റിയാദിലെ ഒരു വെയർഹൗസിൽ നടന്ന റെയ്ഡിൽ ട്രക് ഉടമയെ അറസ്റ്റ് ചെയ്തു. ഇവിടെ പരിധിയിൽ കവിഞ്ഞ ഉള്ളിശേഖരം കണ്ടെത്തിയിരുന്നു. മാർക്കറ്റുകളിൽ വിൽപന നടത്താതെ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സാധനങ്ങൾ പിടിച്ചെടുക്കുകയും വിദേശിയായ ട്രക് ഉടമയെ അറസ്റ്റ് ചെയ്ത് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.
വാണിജ്യ വ്യാപാര രംഗത്ത് പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് വാണിജ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഭക്ഷ്യസാധനങ്ങൾ പൂഴ്ത്തിവെക്കുന്നതും വിലകൂട്ടി വിൽക്കുന്നതും കർശനമായി തടഞ്ഞിരിക്കുകയാണ്. ഇത്ഗുരുതര കുറ്റമായി കണക്കാക്കും. ഇത് നിരീക്ഷിക്കാൻ ഓരോ മുനിസിപ്പാലിറ്റിയുടെയും പ്രത്യേക സംഘങ്ങൾ മുഴുസമയവും രംഗത്തുണ്ട്.
വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. ചിലയിടങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിലകൂട്ടി വിൽപന നടത്തിയതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറവിലാണ് അമിത വിലയും ചൂഷണവും ചെയ്യാൻ ഒറ്റപ്പെട്ട കച്ചവടക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
