സുരക്ഷിതത്വമില്ലാതെ ഭക്ഷ്യ നിർമാണം; ജലീബിൽ അനധികൃത ഫാക്ടറിയും വെയർഹൗസും
text_fieldsപരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ
കുവൈത്ത് സിറ്റി: ജലീബിൽ വീട്ടിൽ കുട്ടികൾക്കായുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ നിർമിച്ചുവന്ന അനധികൃത ഫാക്ടറിയും വെയർഹൗസും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 12 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ആരോഗ്യ-സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും ആവശ്യമായ ലൈസൻസില്ലാതെയുമാണ് ഇവിടെ ഉൽപാദനവും പാക്കിങ്ങും നടന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വൃത്തിഹീനമായ അന്തരീക്ഷം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി സൃഷ്ടിക്കുന്നതായും കണ്ടെത്തി. സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്യാൻ കുട്ടികൾക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ ഇവിടെ നിർമിച്ചിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. ചോദ്യം ചെയ്യലിൽ, നിയമം ലംഘിച്ച് ഭക്ഷ്യവസ്തുക്കൾ നിർമിച്ചതായി പ്രതികൾ സമ്മതിച്ചു.
കൂടുതൽ അന്വേഷണത്തിൽ, ഉൽപന്നങ്ങൾ സംഭരിച്ച് പല പ്രദേശങ്ങളിലെ സഹകരണ സംഘങ്ങൾക്ക് വിതരണം ചെയ്തിരുന്നതായും, മറ്റു സ്ഥലങ്ങളിൽ ഉൽപാദനം നടക്കുന്നുണ്ടെന്ന് അധികാരികളെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തി. തുടർന്ന് സഹകരണ സംഘങ്ങളിൽ നിന്ന് എല്ലാ ഉൽപന്നങ്ങളും പിൻവലിക്കാൻ അധികൃതർ നടപടി ആരംഭിച്ചു.വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് ഫയർഫോഴ്സ് എന്നിവയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുജനാരോഗ്യത്തിനും ഉപഭോക്തൃ സുരക്ഷക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുന്നറിയിപ്പു നൽകി. നിയമലംഘകരെ പിടികൂടുന്നതിന് പരിശോധന തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

