ഗസ്സയിലേക്ക് സൗദി കാരുണ്യം തുടരുന്നു; ഭക്ഷണവസ്തുക്കൾ വിതരണം ചെയ്ത് കെ.എസ് റിലീഫ് സെന്റർ
text_fieldsസൗദിയുടെ 33ാമത് ദുരിതാശ്വാസ വിമാനം സഹായവസ്തുക്കൾ എത്തിച്ചപ്പോൾ
യാംബു: ഇസ്രായേലിന്റെ ആക്രമണത്തിന് ഇരകളായ ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായ വസ്തുക്കളും ഭക്ഷണ സാധനങ്ങളും എത്തിച്ച് സൗദി അറേബ്യ.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ഗസ്സ മുനമ്പിന്റെ തെക്കുഭാഗത്തുള്ള റഫയിലെ അഭയാർഥി ക്യാമ്പിലാണ് ഭക്ഷ്യവസ്തുക്കൾ നിറച്ച ബോക്സുകൾ വിതരണം ചെയ്തത്.
കെ.എസ്. റിലീഫ് സെൻറർ വളൻറിയർമാർ റഫയിലെ അഭയാർഥി ക്യാമ്പിൽ ഭക്ഷണവസ്തുക്കൾ വിതരണം നടത്തിയപ്പോൾ
വടക്കൻ ഗസ്സയിൽനിന്ന് ആട്ടിയോടിക്കപെട്ട് തെക്കുഭാഗത്ത് റഫ അതിർത്തിയോട് ചേർന്ന് തെരുവിൽ കഴിയുന്നവർ കടുത്ത ഭക്ഷ്യദാരിദ്ര്യം അനുഭവിക്കുകയാണെന്ന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് കെ.എസ്. റിലീഫ് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ നൂറു കണക്കിനു ബോക്സുകൾ വിതരണം ചെയ്തത്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദിയുടെ ധനസമാഹരണ കാമ്പയിനിന്റെ ഭാഗമായി വിപുലമായ സഹായ പദ്ധതികൾ ഇപ്പോഴും തുടരുകയാണ്.
ഗസ്സയിലെ ദുരിതബാധിതരായ മുഴുവൻ ആളുകൾക്കും ആശ്വാസം നൽകുന്ന രീതിയിൽ വിവിധ ദുരിതാശ്വാസ സഹായ പദ്ധതികൾ ഇതിനകം സൗദി നടപ്പാക്കിയിട്ടുണ്ട്. 33 വിമാനങ്ങളിലും നാലു കപ്പലുകളിലുമായി ദുരിതാശ്വാസ വസ്തുക്കൾ സൗദി ഇതിനകം അയച്ചുകഴിഞ്ഞു. ടൺ കണക്കിന് സഹായവസ്തുക്കളാണ് ഇങ്ങനെ എത്തിക്കാൻ കഴിഞ്ഞത്. ഈജിപ്തിലെത്തിച്ച സാധനങ്ങൾ ഘട്ടങ്ങളായാണ് ഗസ്സയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്രായേലിന്റെ അതിരൂക്ഷ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സയിലെ ജനതയെ സഹായിക്കാൻ കെ.എസ്.റിലീഫ് ആരംഭിച്ച കാമ്പയിന് വൻ പ്രതികരണമാണ് ഇപ്പോഴും ലഭിക്കുന്നത്. സ്വദേശികളും വിദേശികളുമായ 1,088, 391 രാജ്യ നിവാസികളിൽനിന്ന് 595,053,286 റിയാൽ സംഭാവന ലഭിച്ചു. സംഭാവനകൾ ഇനിയും നൽകാം. കാമ്പയിൻ തുടരുകയാണ്. ‘സാഹിം’ (https://sahem.ksrelief.org) എന്ന പോർട്ടലും അൽറാജ്ഹി ബാങ്കിലെ SA5580000504608018899998 എന്ന അകൗണ്ട് നമ്പറും വഴി എല്ലാവർക്കും എളുപ്പത്തിൽ സംഭാവന അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

