ജിദ്ദ - മോസ്കോ നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ച് ഫ്ലൈനാസ്
text_fieldsജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾക്ക് തുടക്കമായി. ഫ്ലൈനാസ് എയർലൈൻസുമായി സഹകരിച്ചാണ് ആഴ്ചയിൽ മൂന്ന് സർവിസുകൾ ജിദ്ദയിൽനിന്ന് മോസ്കോയിലെ വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ക്രമീകരിച്ചിരിക്കുന്നത്.
ഇതോടെ റഷ്യയിലെ പ്രധാന നഗരങ്ങളിലേക്ക് ജിദ്ദയിൽനിന്നുള്ള വ്യോമബന്ധം കൂടുതൽ ശക്തമാവുകയാണ്. ഈ മാസം ആദ്യം റഷ്യൻ എയർലൈനായ അസിമുത്ത് സർവിസ് ആരംഭിച്ച മഖച്കല, മിനറൽനി വോഡി എന്നീ നഗരങ്ങൾക്ക് ശേഷം ജിദ്ദയിൽനിന്ന് നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്നാമത്തെ റഷ്യൻ ലക്ഷ്യസ്ഥാനമാണ് മോസ്കോ. സൗദി ടൂറിസം അതോറിറ്റിയുടെയും എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെയും സഹകരണത്തോടെയാണ് ഈ പുതിയ ചുവടുവെപ്പ്. സൗദിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര യാത്രാശൃംഖല വിപുലീകരിക്കാനും യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകാനും ജിദ്ദ എയർപോർട്ട് കമ്പനി ലക്ഷ്യമിടുന്നു.
ദേശീയ ഗതാഗത, ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ഏവിയേഷൻ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ വിമാനത്താവളത്തിന്റെ വളർച്ചയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കപ്പെടുകയാണ്. ഈയിടെ അഞ്ച് കോടി യാത്രക്കാർ എന്ന റെക്കോർഡ് പിന്നിട്ട ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, വരും വർഷങ്ങളിൽ ലോകത്തെ 150 അന്താരാഷ്ട്ര നഗരങ്ങളുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 2030ഓടെ പ്രതിവർഷം 10 കോടി യാത്രക്കാരെ സ്വീകരിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് പുതിയ മോസ്കോ സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

