‘ലീപ് 2026’ൽ സന്ദർശകരെ വിസ്മയിപ്പിച്ച് ‘പറക്കുന്ന കാർ’; വില 7.5 ലക്ഷം റിയാൽ മുതൽ
text_fieldsറിയാദ്: റിയാദിെൻറ വടക്കൻ മേഖലയിലുള്ള മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘ലീപ് 2026’ സാങ്കേതിക സമ്മേളനത്തിൽ സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി ‘പറക്കുന്ന കാർ’. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എ.എഫ്.സി 360 എന്ന അത്യാധുനിക മോഡലാണ് കമ്പനി പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ഭാവിയിൽ യാത്രക്കാരെ വഹിച്ച് സ്വയം പറന്നുയരാൻ ശേഷിയുള്ള ഈ വാഹനത്തിെൻറ ആരംഭവില ഏകദേശം 7,50,000 റിയാലായിരിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി.
ഉപയോക്താവ് വാഹനം സ്വയം നിയന്ത്രിക്കേണ്ടതില്ലെന്നതാണ് എ.ഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഇതിെൻറ പ്രധാന പ്രത്യേകത. സീറ്റിലിരുന്ന് ലക്ഷ്യസ്ഥാനം നിശ്ചയിച്ചു നൽകിയാൽ വാഹനം സ്വയം പറന്നുയർന്ന് ലക്ഷ്യത്തിലെത്തിച്ചേരും. ഒറ്റത്തവണ ചാർജ് ചെയ്താൽ 30 മിനിറ്റ് വരെ പറക്കാൻ ശേഷിയുള്ള മോഡലാണിത്.
രണ്ട് മിനിറ്റിനുള്ളിൽ ബാറ്ററി മാറ്റിസ്ഥാപിച്ച് പ്രവർത്തനം പുനരാരംഭിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇത് വാഹനത്തിെൻറ പ്രവർത്തനക്ഷമത ഗണ്യമായി വർധിപ്പിക്കുന്നു. ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്നത് കൂടാതെ, രണ്ടുപേർക്കും ആറുപേർക്കും ഒരുമിച്ച് യാത്ര ചെയ്യാവുന്ന മറ്റു രണ്ടു മാതൃകകളും പുറത്തിറക്കുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് അസീം വ്യക്തമാക്കി.
ഗതാഗത മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ സൗദി വിപണിയിൽ പരിചയപ്പെടുത്തുകയാണ് 'ലീപ് 2026'ലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ നിയമപരമായ അനുമതികളും പ്രവർത്തന അംഗീകാരങ്ങളും ലഭ്യമാകുന്നതോടെ ഈ സാങ്കേതികവിദ്യ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.
വ്യക്തിഗത യാത്രകൾക്ക് പുറമെ ആംബുലൻസ്, പോലീസ്, സുരക്ഷാ സേവനങ്ങൾ, നഗരങ്ങളിലെ എയർ ടാക്സി തുടങ്ങിയ ആവശ്യങ്ങൾക്കും ഇവ പ്രയോജനപ്പെടുത്താം. സൗദി വിഷൻ 2030-െൻറ ഭാഗമായി നടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ, പറക്കുന്ന കാറുകൾ യാഥാർഥ്യമാക്കുന്ന മുന്നണി രാജ്യങ്ങളിൽ ഒന്നായി സൗദി മാറുമെന്നും, ഭാവിയിൽ ഇവയുടെ പ്രാദേശിക നിർമാണം രാജ്യത്തിനകത്തുതന്നെ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അസീം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

