ഓർമകളിൽ സുഗന്ധം ബാക്കിയാക്കി യാമ്പു പുഷ്പമേള സമാപിച്ചു
text_fieldsയാമ്പു: നിറമേളവും സൗരഭ്യവും ഒാർമകളിൽ ബാക്കിയാക്കി യാമ്പു പുഷ്പമേള സമാപിച്ചു. സ്വദേശികളും വിദേശികളും ഒരു പോ ലെ ആസ്വാദിച്ച 13ാമത് മേള ഫെബ്രുവരി 28നാണ് ആരംഭിച്ചത്. സമാപന ദിവസമായ വെള്ളിയാഴ്ചയും സന്ദർശകരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. യാമ്പു റോയൽ കമീഷൻ അൽമുനാസബാത്ത് പാർക്കിൽ അരങ്ങേറിയ മേള അക്ഷരാർഥത്തിൽ ജനങ്ങൾക്ക് ഉത്സവമായി മാറുകയായിരുന്നു. മൊത്തം 17 ലക്ഷത്തിലധികം ആളുകൾ മേള സന്ദർശിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുമായാണ് ഇത്രയും സന്ദർശകരെത്തിയത്. വർണവൈവിധ്യമാർന്ന പൂക്കളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സന്ദർശകരെ ഹഠാദാകർഷിച്ചു. കാർഷിക രംഗത്തേക്ക് സ്വദേശികളെ കൂടുതൽ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ സ്ട്രോബെറി പാർക്ക് ആയിരുന്നു ഈ വർഷത്തെ പുതുമ. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ തുടങ്ങി 150ഒാളം സ്റ്റാളുകളും പുഷ്പനഗരിയിൽ ഒരുക്കിയിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചത്താൽ കമനീയമായി ഒരുക്കിയ നഗരിയിൽ വൈകുന്നേരങ്ങളിൽ വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും മനോഹരമായ ദൃശ്യവിരുന്നായി മാറി. റോയൽ കമീഷൻ ഇറിഗേഷൻ ആൻഡ് ലാൻഡ് സ്കേപിങ് വിഭാഗമാണ് നഗരി ഒരുക്കിയത്. റോയൽ കമീഷൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി വിഭാഗം സുരക്ഷാസംവിധാനങ്ങളുടെയും സാനിട്ടറി വകുപ്പ് ശുചിത്വ സംവിധാനത്തിെൻറയും മേൽനോട്ടം വഹിച്ചു. തദ്ദേശീയവും അന്തർദേശീയവുമായ പ്രമുഖ കമ്പനികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. ഓരോ വർഷവും പുതുമകൾ കൊണ്ടുവരുന്നതിനാൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നതെന്നും സംഘാടകർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ദേശീയ, അന്തർ ദേശീയ തലങ്ങളിൽ മേളയുടെ പ്രശസ്തി വർധിച്ചിട്ടുണ്ട്. സമാപനദിവസത്തെ ‘വെടിക്കെട്ട്’ വിസ്മയ കാഴ്‌ച തന്നെ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
