സുഡാനിലെ വെള്ളപ്പൊക്കം: അടിയന്തര സഹായമെത്തിക്കാൻ സൽമാൻ രാജാവിന്റെ നിർദേശം
text_fieldsജിദ്ദ: സുഡാനിലുണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകി. ഭക്ഷണവും പാർപ്പിടസഹായവും ഉൾപ്പെടുന്ന അടിയന്തരസഹായം കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) വഴി എത്തിക്കാനാണ് നിർദേശം.
ദുരിതബാധിതർക്ക് സൗദി ഭരണകൂടം നൽകിക്കൊണ്ടിരിക്കുന്ന മാനുഷികസഹായം വിപുലീകരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിർദേശമെന്ന് കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ ആക്ഷൻ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
സൗഹൃദ, സാഹോദര്യ രാജ്യങ്ങളിൽ പലവിധ പ്രയാസങ്ങളും ദുരന്തങ്ങളും ദുരിതങ്ങളുമുണ്ടായാൽ ആശ്രയമായി അവർക്കൊപ്പം തങ്ങളുണ്ടാവുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഡാന് ഇപ്പോൾ നൽകുന്ന സഹായം ആ ജനതയുമായുള്ള ശക്തമായ സാഹോദര്യബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഡോ. റബീഅ പറഞ്ഞു.
സുഡാനിലെ ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന നിലയിലാണ് വെള്ളപ്പൊക്കമുണ്ടായത്. നിരവധി പേരുടെ മരണത്തിനുമിടയാക്കി. വെള്ളപ്പൊക്ക ദുരന്തങ്ങളെയും നാശനഷ്ടങ്ങളെയും കുറിച്ച് സുഡാൻ മന്ത്രിസഭ ഞായറാഴ്ച ജാഗ്രതയും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി സൽമാൻ രാജാവ് നിർദേശം പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

