യുദ്ധഭീതിയിൽ വിമാനം റദ്ദായി, മൃതദേഹം വീണ്ടും മോർച്ചറിയിൽ
text_fieldsമുഹമ്മദ് മൻജൂർ അബ്ദുറഹ്മാൻ
റിയാദ്: ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെ തുടർന്നുണ്ടായ യുദ്ധഭീതിയിൽ വിമാന സർവിസുകൾ റദ്ദായപ്പോൾ മൃതദേഹങ്ങളും വഴിയിലായി. റിയാദിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകേണ്ട ബിഹാർ സ്വദേശിയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരിച്ച് മോർച്ചറിയിലെത്തിച്ചു. റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച ബിഹാർ കൃഷ്ണ ഗഞ്ച് സ്വദേശി മുഹമ്മദ് മൻജൂർ അബ്ദുറഹ്മാന്റെ (49) മൃതദേഹത്തിനാണ് ഈ ദുര്യോഗം.
ചൊവ്വാഴ്ച വൈകീട്ട് 5.25ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകാൻ പുലർച്ച തന്നെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ കാർഗോ ഡിവിഷനിൽ എത്തിച്ചതായിരുന്നു.
എന്നാൽ, പല രാജ്യങ്ങളും വ്യോമപാത അടച്ച സാഹചര്യത്തിൽ എയർ ഇന്ത്യയുടെയും നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. വിമാന സർവിസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നും അടുത്ത വിമാനം എന്നുകിട്ടുമെന്നും നിശ്ചയിമില്ലാത്തതിനാൽ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നു.
റിയാദിലെ ദാഖൽ മഅദൂദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മുഹമ്മദ് മൻജൂർ ഈ മാസം രണ്ടിനാണ് ജീവനൊടുക്കിയത്. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ രണ്ടാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ലെന്നാണ് പുതിയ നിയമം. 10 ദിവസം കഴിഞ്ഞിട്ടും ആരും എത്താത്തതിനാൽ റിയാദ് പൊലീസ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെയും ഇന്ത്യൻ എംബസിയെയും ബന്ധപ്പെട്ട് അനന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
മരിച്ചയാളുടെ കുടുംബം റിയാദിലുള്ള ബന്ധുവിനെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അയാളുടെ ജോലിയും മറ്റുമായി പ്രതികൂല സാഹചര്യങ്ങളുള്ളതിനാൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ശിഹാബിന്റെ ശ്രമഫലമായി മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കി.
ചൊവ്വാഴ്ച വൈകീട്ട് റിയാദിൽനിന്ന് ഡൽഹിയിലേക്കും ബുധനാഴ്ച രാവിലെ അവിടെനിന്ന് പട്നയിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ കൊണ്ടുപോകാനുള്ള ടിക്കറ്റുകളും ശരിയായി. ഇന്ത്യൻ എംബസിയാണ് ഇതിനാവശ്യമായ ചെലവ് വഹിച്ചത്.
എന്നാൽ വിമാനം റദ്ദായെന്ന് അറിയുന്നത് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ്. മൃതദേഹം വീണ്ടും ശുമൈസി മോർച്ചറിയിലെത്തിച്ചു. കുടുംബം പട്ന വിമാനത്താവളത്തിൽനിന്ന് മൃതദേഹം സ്വീകരിക്കാൻ ആംബുലൻസുമായി എത്താനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. നാട്ടിൽനിന്ന് പട്നയിലേക്ക് 12 മണിക്കൂർ യാത്രാദൂരമുണ്ട്.
മരിച്ചിട്ട് ഇപ്പോൾ 22 ദിവസം കഴിഞ്ഞു. ഇറാനും ഇസ്രായേലും വെടിനിർത്തലിൽ എത്തിയ സാഹചര്യത്തിൽ വളരെ പെട്ടെന്നുതന്നെ വിമാന സർവിസുകൾ സാധാരണ നിലയിലാവുമെന്നും വൈകാതെ കൊണ്ടുപോകാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് സാമൂഹികപ്രവർത്തകർ. മരിച്ച മുഹമ്മദ് മൻജൂറിന് ഭാര്യയും നാല് മക്കളും ഉമ്മയുമുണ്ട്. പിതാവ് നേരത്തേ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

