‘ഫ്ലമിംഗോയും മാൻഗ്രോവും’ ജിസാൻ തീരങ്ങളിൽ പ്രകൃതി തീർക്കുന്ന മനോഹര കാഴ്ചകൾ
text_fieldsജിസാൻ തീരങ്ങളിലെ മനോഹര കാഴ്ചകൾ
ജിസാൻ: പ്രഭാതത്തിെൻറ ആദ്യ വേളകളിൽ ശാന്തമായ ജലപ്പരപ്പിൽ കണ്ടൽ (മാൻഗ്രോവ്) മരങ്ങളുടെ നിഴലുകൾ പ്രതിഫലിക്കുമ്പോൾ, ജിസാൻ തീരങ്ങൾ ആകർഷകമായ പ്രകൃതിദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. തിളങ്ങുന്ന പിങ്ക് നിറത്തിലുള്ള ഫ്ലമിംഗോ പക്ഷിക്കൂട്ടങ്ങൾ ഇടതൂർന്ന മാൻഗ്രോവ് വേരുകൾക്കിടയിൽ ഇറങ്ങുന്ന കാഴ്ച ഈ മേഖലയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ അടയാളപ്പെടുത്തുന്നു.
മാൻഗ്രോവ് വനങ്ങൾ നിറഞ്ഞ നിരവധി തീരപ്രദേശങ്ങളിലാണ് ഫ്ലമിംഗോകൾ വ്യാപകമായി കാണപ്പെടുന്നത്. സൂക്ഷ്മ സമുദ്രജീവികൾ, ആൽഗകൾ, ക്രസ്റ്റേഷ്യനുകൾ എന്നിവയാൽ സമ്പന്നമായ ഈ ആവാസവ്യവസ്ഥ, കാലിക ദേശാടനയാത്രകളിൽ പക്ഷികൾക്ക് പ്രധാന ഭക്ഷണ സ്രോതസ്സും താൽക്കാലിക വിശ്രമകേന്ദ്രവുമാവുന്നു. കണ്ടൽ വേരുകൾക്കിടയിൽ ഭക്ഷണം തേടുന്നതിൽ ഫ്ലമിംഗോകൾക്ക് സവിശേഷമായ രീതിയാണുള്ളത്. സൂക്ഷ്മജീവികളെയും ആൽഗകളെയും വെള്ളം അരിച്ചെടുത്താണ് ഇവ ഭക്ഷമാക്കുന്നത്. അതുകൊണ്ടുതന്നെ ദേശാടനപക്ഷികളുടെ പ്രധാനപ്പെട്ട ഇടത്താവളങ്ങളിലൊന്നായി ജിസാൻ തീരങ്ങൾ മാറിയിരിക്കുന്നു.
ഈ പാരിസ്ഥിതിക സമ്പത്ത് സംരക്ഷിക്കുന്നതിനായി മാൻഗ്രോവ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും ശോഷിച്ച തീരപ്രദേശങ്ങൾ പുനരുദ്ധരിക്കുന്നതിനുമുള്ള ഗുണനിലവാരമുള്ള സംരംഭങ്ങൾ തുടരുകയാണ്. തീരദേശ സസ്യവിതാനം വിപുലീകരിക്കുക, സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ഇതിനുപുറമെ, പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും വനവത്കരണ കാമ്പയിനുകളിലും തീരസംരക്ഷണ പ്രവർത്തനങ്ങളിലും പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളും നടന്നുവരുന്നു.
പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവ വികസനം, ജൈവവൈവിധ്യ പരിപോഷണം എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങളുമായി ഈ സംരംഭങ്ങൾ യോജിച്ചുപോകുന്നു. പാരിസ്ഥിതിക സന്തുലിതാവസ്ഥയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് ഇവ സഹായകമാകുന്നു. പക്ഷി നിരീക്ഷണ പ്രേമികൾക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രം കൂടിയാണ് ജിസാൻ. ഫ്ലമിംഗോകളുടെ കൂട്ടമായുള്ള മനോഹര ദൃശ്യങ്ങൾ മേഖലക്ക് സൗന്ദര്യാത്മകവും വിനോദസഞ്ചാര മൂല്യം നൽകുന്നു. ദേശാടനപാതകളെയും പക്ഷികളുടെ സ്വഭാവരീതികളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കും ഇവ പ്രയോജനപ്പെടുന്നു. തീരദേശ പരിസ്ഥിതിയുടെ സമ്പൂർണ സന്തുലിതാവസ്ഥക്കും പ്രദേശത്തെ സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതി ടൂറിസത്തിനും മാതൃകയാണ്കണ്ടൽവനങ്ങളും രാജഹംസങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

