അഞ്ച് വർഷത്തെ വിലക്ക് നീങ്ങി; സൗദിയിലേക്ക് ലെബനാൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനരാരംഭിക്കുന്നു
text_fieldsറിയാദ്: സുരക്ഷാ ആശങ്കകളെ തുടർന്ന് അഞ്ച് വർഷമായി നിലനിന്നിരുന്ന വിലക്ക് അവസാനിപ്പിച്ച് സൗദി അറേബ്യ ലെബനൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനരാരംഭിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് 2021-ലായിരുന്നു ലബനനിൽനിന്നുള്ള ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയത്.
ഗവൺമെന്റ് സ്ഥാപനങ്ങൾ പുനർനിർമ്മിക്കുന്നതിനും സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനുമായി ലെബനൻ സർക്കാർ സ്വീകരിച്ച അനുകൂല നടപടികളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് കയറ്റുമതി പുനരുജ്ജീവിപ്പിക്കുന്നത്.
തീരുമാനത്തിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ലെബനൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാമിനെ ടെലിഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ലെബനാന്റെ സ്ഥിരതയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള സൗദിയുടെ അചഞ്ചലമായ പിന്തുണ അദ്ദേഹം കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.
നന്ദി അറിയിച്ച് ലബനൻ ഭരണനേതൃത്വം
ബെയ്റൂട്ട്: സൗദി ഭരണകൂടത്തിെൻറ ഈ ചരിത്രപരമായ തീരുമാനത്തെ ലെബനൻ പ്രസിഡൻറ് ജോസഫ് ഔണും പ്രധാനമന്ത്രി ഡോ. നവാഫ് സലാമും ഹൃദയപൂർവം പ്രശംസിച്ചു. പ്രതിസന്ധികളെ നേരിടാൻ ലെബനനെ പ്രാപ്തമാക്കുന്നതാണ് സൗദിയുടെ പിന്തുണയെന്നും അനുയോജ്യമായ സമയത്താണ് ലഭിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ലബനീസ് ജനതയുടെ പേരിൽ പ്രസിഡൻറ് ജോസഫ് ഔൺ തെൻറ അഗാധമായ നന്ദിയും കടപ്പാടും അറിയിച്ചു. ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന അറബ് സാഹോദര്യത്തിെൻറ ആഴമാണ് ഈ തീരുമാനത്തിലൂടെ വെളിവാകുന്നത്. ലബനനെയും അവിടുത്തെ ജനങ്ങളെയും അവരുടെ ഉയിർത്തെഴുന്നേൽപ്പിെൻറയും വീണ്ടെടുപ്പിെൻറയും ഘട്ടത്തിൽ പിന്തുണയ്ക്കാൻ സൗദി നേതൃത്വം പ്രതിബദ്ധത കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നീക്കം ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് വലിയ തോതിൽ ആക്കം കൂട്ടും. ലബനീസ് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലും വലിയൊരു വിഭാഗം ഉൽപ്പാദകരെയും കയറ്റുമതിക്കാരെയും പിന്തുണയ്ക്കുന്നതിലും ഇത് പ്രകടമായ സ്വാധീനം ചെലുത്തും. ചരിത്രപരവും പൊതുവായതുമായ വിധിയുടെ ബന്ധങ്ങളിൽ വേരൂന്നിയ ലബനീസ്-സൗദി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പായിട്ടാണ് ലബനീസ് ജനത ഈ തീരുമാനത്തെ നോക്കിക്കാണുന്നതെന്നും ജോസഫ് ഔൺ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

