മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsമയക്കുമരുന്നുമായി റിയാദിൽ പിടിയിലായ സിറിയൻ സ്വദേശികൾ
റിയാദ്: മയക്കുമരുന്ന് ശേഖരങ്ങളുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സുരക്ഷാവകുപ്പുകൾ അറസ്റ്റ് ചെയ്തു. സിറിയൻ സ്വദേശിയായ സ്ത്രീയുൾപ്പെടെ രണ്ടുപേരെ റിയാദിൽനിന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ അറസ്റ്റ് ചെയ്തത്. വിസിറ്റ് വിസയിൽ രാജ്യത്തെത്തിയ സ്ത്രീയും നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന സിറിയൻ പൗരനുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ 7,32,010 ലഹരിഗുളികകൾ കണ്ടെത്തി. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽനജീദി അറിയിച്ചു.
മയക്കുമരുന്ന് ശേഖരവുമായി പാകിസ്താൻ പൗരനെ ജീസാൻ പ്രവിശ്യയിൽപെട്ട അൽദായിറിൽ അതിർത്തിസുരക്ഷാസേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാകിസ്താനിയുടെ പക്കൽ 100 കിലോ ഹഷീഷ് കണ്ടെത്തി. ഇയാൾ ഓടിച്ച വാഹനത്തിന്റെ ടയറുകളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി തൊണ്ടിമുതൽ സഹിതം പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അതിർത്തിസുരക്ഷാസേന അറിയിച്ചു.ജീസാനിൽ 47 കിലോ മയക്കുമരുന്നുമായി മറ്റൊരു സൗദി യുവാവിനെ സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗവും പിടികൂടി. ജീസാൻ പ്രവിശ്യയിൽപെട്ട ദായിറിൽവെച്ച് പിടിയിലായ പ്രതിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. തുടർനടപടികൾക്ക് പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
മക്ക പ്രവിശ്യയിൽപെട്ട അൽഖോസിൽ ഹൈവേ സുരക്ഷാസേനക്കു കീഴിലെ ചെക്ക്പോസ്റ്റിൽവെച്ച് 12 കിലോ ഹഷീഷുമായി യമനിയും അറസ്റ്റിലായി.
യുവാവിന്റെ വാഹനത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരം. ചെക്ക്പോസ്റ്റിൽവെച്ച് സംശയം തോന്നി നടത്തിയ വാഹനപരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

