ജുബൈലിലെ അബു അലി ദ്വീപിൽ മത്സ്യബന്ധന വികസനകേന്ദ്രം ആരംഭിച്ചു
text_fieldsജുബൈലിലെ അബു അലി ദ്വീപിൽ സൗദി അരാംകോ ആരംഭിച്ച മത്സ്യബന്ധന വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനചടങ്ങ്
റിയാദ്: സുസ്ഥിര മത്സ്യബന്ധനത്തിന്റെ വികസനത്തിനായി ഊർജം പരിസ്ഥിതി ജലം കൃഷി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സൗദി അരാംകോ കേന്ദ്രം ആരംഭിച്ചു. പൗരന്മാരുടെ സംരംഭങ്ങളിലും സാമ്പത്തിക വളർച്ചയിലുമുള്ള നിക്ഷേപങ്ങൾ, പ്രാദേശിക മത്സ്യത്തൊഴിലാളികളെയും അവരുടെ ഉപജീവനമാർഗങ്ങളെയും പിന്തുണക്കൽ, വൈദഗ്ദ്ധ്യം വളർത്തൽ, ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ മത്സ്യങ്ങളെ വളർത്തുന്നതിനുള്ള മികച്ച രീതികൾ സ്വീകരിക്കൽ എന്നിവയാണ് അരാംകോ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അറേബ്യൻ ഗൾഫിലെ സമുദ്രജീവികളെ സംരക്ഷിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. അറേബ്യൻ ഉൾക്കടൽ തീരത്തെ ജുബൈൽ മേഖലയിലുള്ള അബു അലി ദ്വീപിലാണ് മത്സ്യബന്ധന വികസന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ മത്സ്യബന്ധന രീതികൾ കാരണം എണ്ണം കുറഞ്ഞുവരുന്ന തദ്ദേശീയ മത്സ്യ ഇനങ്ങളെ പുനരുൽപ്പാദിപ്പിക്കലും പിന്നീട് അറേബ്യൻ ഉൾക്കടലിലേക്ക് തിരികെ വിടലുമാണ് ഈ കേന്ദ്രം ചെയ്യുക.
ഉത്തരവാദിത്തപരവും സുസ്ഥിരവുമായ രീതികളിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്ന കേന്ദ്രമാണിതെന്ന് സൗദി അരാംകോ കമ്യൂണിറ്റി സർവിസസ് സീനിയർ വൈസ് പ്രസിഡൻറ് സാലിം അൽഹുവൈശ് പറഞ്ഞു. സമുദ്ര ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഇത് സംഭാവന നൽകുന്നു. ജൈവവൈവിധ്യത്തിൽ നല്ല സ്വാധീനം ചെലുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ, സുസ്ഥിരതക്കുള്ള സൗദി അരാംകോയുടെ പ്രതിബദ്ധതയിൽനിന്നും ഉരുത്തിരിഞ്ഞുവന്ന പദ്ധതിയാണിത്.
അറേബ്യൻ ഗൾഫ് ആവാസവ്യവസ്ഥക്ക് ഈ കേന്ദ്രം പ്രധാന സംഭാവന നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അൽ ഹുവൈശ് പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തെ സാമ്പത്തിക സുസ്ഥിരതയുമായി സംയോജിപ്പിക്കുന്നതിനുള്ള ഒരു മാതൃകയും ഈ കേന്ദ്രം ഉൾക്കൊള്ളുന്നു. ഊർജ മന്ത്രാലയവും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവുമായുള്ള തുടർച്ചയായ സഹകരണത്തിന്റെ ഫലമായാണ് ഈ പദ്ധതിയെന്നും അൽഹുവൈശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

