ആദ്യ ആഴ്ചയിൽ സൗദിയിൽനിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം മാത്രം
text_fieldsറിയാദ്: കോവിഡ് പശ്ചാത്തലത്തിൽ വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഏർപ്പെടുത്തിയ വിമാന സർവിസ് ആദ്യ ആഴ്ചയിൽ സൗദിയിൽ നിന്ന് കേരളത്തിലേക്ക് മൂെന്നണ്ണം മാത്രം. ആകെ കൊണ്ടുപോകുന്ന യാത്രക്കാരുടെ എണ്ണം 600 മാത്രവും. വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടിക്ക് വ്യാഴാഴ്ച തുടക്കമാകും. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്.
ആദ്യ ഒരാഴ്ചയിലെ വിമാന സർവിസുകളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതിൽ സൗദി അറേബ്യയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാന സർവിസ് മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആദ്യ ദിവസം റിയാദിൽ നിന്ന് കോഴിക്കോേട്ടക്കാണ് സർവിസ്. 200 േപരെ കൊണ്ടുപോകും. അഞ്ചാം ദിവസം ദമ്മാമിൽ നിന്നും ഏഴാം ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുമാണ് അടുത്ത രണ്ട് സർവിസുകൾ. രണ്ട് വിമാനത്തിലും കൂടി 400 പേരെ കൊണ്ടുപോകും. ഇതിനിടയിൽ മൂന്നാം ദിവസം റിയാദിൽ നിന്നും ആറാം ദിവസം ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് ഒാരോ സർവിസ് പോകുന്നുണ്ട്. അവയിലും 200 വീതം ആളുകളെ കൊണ്ടുപോകും.
ഡൽഹി കൂടി കൂട്ടിയാൽ ആദ്യ ആഴ്ചയിൽ ഇന്ത്യയിേലക്ക് അഞ്ച് സർവിസ് മാത്രമേയുള്ളൂ. അതായത് ഏഴ് ദിവസം കൊണ്ട് 1000 ആളുകളെ മാത്രമേ സൗദിയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കൂ. ഇൗ വിമാനങ്ങളിൽ പോകുന്നവർ അതത് വിമാനത്താവളങ്ങളിലെ എമിഗ്രേഷനിലും ആരോഗ്യ വിഭാഗത്തിനും സ്വന്തം ആരോഗ്യം സംബന്ധിച്ച സെൽഫ് ഡിക്ലറേഷൻ നൽകണം. അതിനുള്ള നിശ്ചിത ഡിക്ലറേഷൻ ഫോറത്തിെൻറ മാതൃകയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. നിരവധി വിവരങ്ങൾ പൂരിപ്പിച്ച് നൽകണം. സൗദിയിൽ നിന്ന് നാട്ടിലേക്ക് അടിയന്തരമായി പോകുന്ന ആളുകളുടെ പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു.
ഏപ്രിൽ 29 മുതലാണ് യാത്രക്കാരുടെ രജിസ്ട്രേഷൻ എംബസിയിൽ ആരംഭിച്ചത്. ഉടൻ നാട്ടിൽ തിരിച്ചെത്തേണ്ട അടിയന്തര സാഹചര്യമുള്ള ആളുകളെ മാത്രമേ ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നുള്ളൂ. ഗർഭിണികൾ, പ്രായം ചെന്നവർ, വിദ്യാർഥികൾ, ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവർ തുടങ്ങിയ ആളുകൾക്കാണ് പ്രഥമ പരിഗണന. നിരവധിയാളുകളാണ് ഇതിനകം രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ രജിസ്ട്രേഷൻ സംബന്ധിച്ച അന്തിമ സ്ഥിതിവിവരം തയാറായിട്ടില്ലെന്ന് ഇന്ത്യൻ എംബസി ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
