കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം ഇന്ന് മക്കയിലെത്തും
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീർഥാടക സംഘം വ്യാഴാഴ്ച സൗദി അറേബ്യയിൽ എത്തും. കൊച്ചിയിൽ നിന്നുള്ള 430 തീർഥാടകർ ഉൾപ്പെട്ട സംഘമാണ് ആദ്യ വിമാനത്തിൽ പുറപ്പെടുന്നത്. ഉച്ചക്ക് 2.10ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിരിക്കുന്ന ഫ്ലൈ നാസിെൻറ എക്സ്.വൈ -8008 വിമാനം, സൗദി സമയം വൈകുന്നേരം 5.30ന് ജിദ്ദ വിമാനത്താവളത്തിലെത്തും.
ബുധനാഴ്ച കൊച്ചിയിൽ തുടക്കം കുറിച്ച സംസ്ഥാനതല ഹജ്ജ് ക്യാമ്പിൽ തീർഥാടകരെ യാത്രയാക്കാനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിരുന്നു. ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തുന്ന ഹാജിമാരെ ഹജ്ജ് സർവീസ് കമ്പനിയുടെ പ്രത്യേക ബസ്സുകളിൽ മക്കയിലേക്ക് കൊണ്ടുപോകും. അസീസിയ ജുനൂബിയയിലെ 502ാം നമ്പർ കെട്ടിടത്തിലാണ് ആദ്യ സംഘത്തിന് താമസം ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തുനിന്ന് ഇത്തവണ ആകെ 13,194 മലയാളി ഹാജിമാരാണ് ഹജ്ജ് കർമത്തിനായി എത്തുന്നത്. നെടുമ്പാശ്ശേരിയിൽനിന്ന് 7943, കണ്ണൂരിൽനിന്ന് 4279, കോഴിക്കോട്ടുനിന്ന് 944 എന്നിങ്ങനെയാണ് ഇത്തവണ ഹജ്ജിനെത്തുന്ന കേരളത്തിൽനിന്നുള്ളവരുടെ എണ്ണം. കൂടാതെ, കേരളത്തിൽ നിന്നുള്ള 28 പേർ മറ്റ് സംസ്ഥാനങ്ങളിലെ എംബാർക്കേഷൻ പോയിൻറുകൾ വഴി യാത്ര തിരിക്കും.
അതേസമയം, അയൽ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി തീർഥാടകർ കേരളത്തിലെ എംബാർക്കേഷൻ പോയിൻറുകളെ ആശ്രയിക്കുന്നുണ്ട്. ലക്ഷദ്വീപ് (107), പോണ്ടിച്ചേരി (39), തമിഴ്നാട് (263), കർണാടക (239), ഉത്തർപ്രദേശ് (5), മഹാരാഷ്ട്ര (രണ്ട്), തെലങ്കാന (രണ്ട്) എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് കേരളം വഴി യാത്ര ചെയ്യുന്നത്.
കണ്ണൂർ എംബാർക്കേഷൻ പോയിൻറിൽ നിന്നുള്ള സർവീസുകൾ മെയ് ആറിന് ആരംഭിക്കും. ഫ്ലൈ അദീൽ വിമാനക്കമ്പനി മെയ് 14 വരെയാണ് ഇവിടെ നിന്ന് സർവിസ് നടത്തുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മെയ് 14 മുതൽ 17 വരെ ആകാശ എയർ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ മെയ് 19 വരെ തുടരും. ജിദ്ദ വഴി എത്തുന്ന തീർഥാടകർ ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനം കൂടി പൂർത്തിയാക്കിയാകും നാട്ടിലേക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

