ആദ്യസിനിമ ‘ബ്ലാക് പാൻതർ’; പ്രദർശനം കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിൽ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ പ്രദർശിപ്പിക്കുന്ന ആദ്യ സിനിമ ഹോളിവുഡ് ചിത്രം ‘ബ്ലാക് പാൻതർ’. റിയാദിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിലെ തിയറ്ററിൽ ഇൗമാസം 18 നാണ് ആദ്യപ്രദർശനം. അമേരിക്കൻ മൾട്ടി സിനിമ (എ.എം.സി) കമ്പനി സജ്ജീകരിക്കുന്ന ഇൗ തിയറ്ററിൽ വിപുലമായ ചടങ്ങുകളോടെയായിരിക്കും ആദ്യദിവസത്തെ പ്രദർശനം നടക്കുക. ലോസ് ആഞ്ചലസിൽ കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയിൽ 40 തിയറ്ററുകൾ ആരംഭിക്കാനുള്ള കരാറിൽ എ.എം.സിയുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവെച്ചത്. തിയറ്ററിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബ്ലോക്കുകൾ ഉണ്ടാകില്ലെന്ന് റോയിേട്ടഴ്സ് വാർത്ത ഏജൻസിയെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
റിയാദ് നഗരത്തിന് വടക്ക്ഭാഗത്തെ അഖീഖിൽ കിങ് ഫഹദ് റോഡിനോട് ചേർന്നാണ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് സ്ഥിതിചെയ്യുന്നത്. ഇവിടെ സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിൽ നിർമിച്ച സംവിധാനമാണ് തിയറ്റർ ആക്കി മാറ്റിയത്. എ.എം.സിയുടെ മേൽേനാട്ടത്തിൽ ലോകോത്തര നിലവാരത്തിൽ പണിപൂർത്തിയാക്കിയ തിയറ്ററിൽ 620 സീറ്റുകളുണ്ട്. തുകൽ സീറ്റുകളാണ് മുഴുവനും. മെയിൻ ഹാളും ബാൽക്കണിയുമായി രണ്ട് തട്ടുകളിലാണ് സീറ്റുകൾ സംവിധാനിച്ചിരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള മാർബിൾ ബാത്റൂമുകളാണ് മറ്റൊരു പ്രത്യേകത. രണ്ടുമാസത്തിനകം ഇവിടെ മൂന്നു സ്ക്രീനുകൾ കൂടി പ്രവർത്തനമാരംഭിക്കും. ലോകത്തെ ഏറ്റവും മനോഹരമായ സിനിമ തിയറ്ററായിരിക്കും ഇതെന്ന് എ.എം.സി സി.ഇ.ഒ ആഡം ആരോൺ പറഞ്ഞു.
അമേരിക്കയിലെ കൻസാസ് ആസ്ഥാനമായ എ.എം.സിയുടെ വരാനിരിക്കുന്ന നൂറാംവാർഷികത്തിലെ ഏറ്റവും പ്രധാന പദ്ധതിയാണ് സൗദിയിലെ 40 തിയറ്റുകളുടെ ശൃംഖല.
1920 ൽ സ്ഥാപിതമായ കമ്പനി നിലവിൽ ലോകത്തെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പാണ്. അമേരിക്കയിൽ മാത്രം 661 തിയറ്ററുകളിലായി 8,200 സ്ക്രീനുകളും യൂറോപ്പിൽ 244 തിയറ്ററുകളിൽ 2,200 സ്ക്രീനുകളും എ.എം.സിക്കുണ്ട്. ചൈനീസ് കമ്പനിയായ വാൻഡ ഗ്രൂപ്പ് 2012 ൽ 260 കോടി ഡോളറിന് എ.എം.സിയെ ഏറ്റെടുക്കുകയായിരുന്നു.
മാർവൽ സ്റ്റുഡിേയാസ് നിർമിച്ച സൂപ്പർഹീറോ സിനിമയാണ് ഫെബ്രുവരി 16 ന് അമേരിക്കയിൽ റിലീസ് ചെയ്ത ‘ബ്ലാക് പാൻതർ’. വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് ആൻഡ് മോഷൻ പിക്ചേഴ്സ് ആണ് വിതരണക്കാർ. 134 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ സംവിധായകൻ റയാൻ കൂഗ്ലർ ആണ്. 2018 ൽ ഇതുവരെ ലോകത്ത് ഏറ്റവും അധികം പണംവാരിയ സിനിമയാണ് ‘ബ്ലാക് പാൻതർ’. ഏതാനും ആഴ്ചകൾക്കുള്ളിൽ ശതകോടിയിലേറെ ഡോളർ നേടിക്കഴിഞ്ഞു, ഷാഡ്വിക് ബോസ്മാൻ മുഖ്യവേഷത്തിലെത്തുന്ന ഇൗ സിനിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
