ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ഐ.സി.എഫ്-ആർ.എസ്.സി സ്വീകരണം
text_fieldsഐ.സി.എഫ് - ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ അംഗങ്ങൾ ഹാജിമാരെ സ്വീകരിക്കാൻ മദീനയിൽ എത്തിയപ്പോൾ
മദീന: ഹജ്ജ് തീർഥാടനത്തിനായി മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻറർനാഷനൽ വിമാനത്താവളത്തിൽ എത്തിയ ആദ്യ ഹജ്ജ് സംഘത്തെ ഐ.സി.എഫ്-ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ അംഗങ്ങൾ സ്വീകരിച്ചു. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട 289 തീർഥാടകരാണ് മദീനയിലെത്തിയത്. സൗദി മന്ത്രിതല സംഘവും ഇന്ത്യൻ ഹജ്ജ് മിഷനും ഔദ്യോഗികമായി തീർഥാടകരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മധുരം വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയുമാണ് വളന്റിയർ സംഘം ഹാജിമാരെ സ്വീകരിച്ചത്. ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ച് തുടങ്ങിയ ഈ വർഷത്തെ ഹജ്ജ് വളന്റിയർ സേവനം അവസാന ഹാജിയും പുണ്യഭൂമികളിൽനിന്നും പോകുന്നത് വരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. മക്ക, മദീന എന്നീ പുണ്യഭൂമികളിലും ജിദ്ദ വിമാനത്താവളത്തിലും ഹാജിമാരെ സ്വീകരിക്കാനും സഹായങ്ങൾ ചെയ്യാനും ഐ.സി.എഫ്-ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ എല്ലാവിധ ഒരുക്കം പൂർത്തീകരിച്ചിട്ടുണ്ട്.
കേന്ദ്രീകൃത സ്വഭാവത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്, മെഡിക്കൽ വിങ്, വീൽ ചെയർ സർവിസുകൾ, കർമപരമായ സംശയങ്ങൾ തീർക്കാനുള്ള ഓൺലൈൻ ഓഫ്ലൈൻ സംവിധാനങ്ങൾ, ലബ്ബൈക്ക് ഹജ്ജ് നാവിഗേറ്റർ, വളന്റിയർമാരുമായി ഹാജിമാരുടെ ബന്ധുക്കൾക്ക് സംവദിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങി വിപുലമായ സേവന സൗകര്യങ്ങളാണ് ഐ.സി.എഫ് - ആർ.എസ്.സി സൗദി നാഷനൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇപ്രാവശ്യം ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

