കൊച്ചിയിൽനിന്നുള്ള ആദ്യസംഘം ജിദ്ദയിലെത്തി; മക്കയിൽ ഇതുവരെ 6000ലേറെ ഹാജിമാർ
text_fieldsകൊച്ചിയിൽനിന്ന് എത്തിയ തീർഥാടകരെ സ്വീകരിക്കാൻ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അണിനിരന്നപ്പോൾ
മക്ക: ഇതുവരെ 6000ലേറെ മലയാളി ഹാജിമാർ മക്കയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കൊച്ചി വഴിയും തീർഥാടകരുടെ വരവ് ആരംഭിച്ചു. 289 പേരുമായി നെടുമ്പാശ്ശേരിയിൽനിന്ന് ആദ്യ വിമാനം (സൗദി എയർലൈൻസ്) വെള്ളിയാഴ്ച രാത്രി 9.20ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ടെർമിനൽ ഒന്നിൽ ഇറങ്ങിയ തീർഥാടകരെ ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ വഴി മക്കയിലെത്തിച്ചു. ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്ക് ഹറമൈൻ ട്രെയിനിൽ യാത്ര ചെയ്ത, ഈ വർഷത്തെ ആദ്യ ഇന്ത്യൻ തീർഥാടകരായി കൊച്ചിയിൽനിന്നെത്തിയ ഈ സംഘം.
മികച്ച സൗകര്യങ്ങളോടെ എളുപ്പത്തിൽ മക്കയിലെത്താനാവും എന്നതാണ് ഹറമൈൻ െട്രയിനിെൻറ പ്രത്യേകത. ഇതുവരെ എത്തിയവരെയെല്ലാം ബസുകളിലാണ് മക്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇനി ഹറമൈൻ ട്രയിനിലും യാത്ര അനുവദിക്കും. അത് തീർഥാടകർക്ക് കൂടുതൽ മികച്ച അനുഭവവും സൗകര്യവുമാണ്. ജിദ്ദ വിമാനത്താവളത്തിനുള്ളിൽ തന്നെയാണ് ഹറമൈൻ റെയിൽവേ സ്റ്റേഷൻ. അറൈവൽ ടെർമിനലിൽനിന്ന് തന്നെ നേരെ വളരെയെളുപ്പത്തിൽ ട്രയിനിന് അടുത്തെത്താം. കുറഞ്ഞ സമയം കൊണ്ട് മക്കയിലെത്താനുമാവും.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇതുവരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് തീർഥാടകർ എത്തിക്കൊണ്ടിരുന്നത്. മൂന്നാമത്തെ എംബാർക്കേഷൻ പോയിൻറായ നെടുമ്പാശ്ശേരിയിൽനിന്ന് കൂടി ആരംഭിച്ചതോടെ മലയാളി തീർഥാടകർക്ക് വരാനുള്ള വഴികളെല്ലാം തുറന്നുകഴിഞ്ഞു.

വെള്ളിയാഴ്ച രണ്ട് സൗദി എയർലൈൻസ് വിമാനങ്ങളാണ് കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് വന്നത്. രണ്ടാമത്തെ വിമാനം രാത്രി 11.30ന് ജിദ്ദയിലെത്തി. ഇതിലെ യാത്രക്കാരെയും ട്രെയിൻ മാർഗമാണ് മക്കയിൽ എത്തിച്ചത്. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ തീർഥാടകരെ സ്വീകരിക്കാൻ രാത്രിയിൽ ടെർമിനൽ ഒന്നിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥരും എത്തിയിരുന്നു. പിന്നീട് ഹൈസ്പീഡ് ട്രെയിനിൽ തീർഥാടകരെ യാത്രയാക്കാനും സ്വീകരിക്കാനും ഉദ്യോഗസ്ഥരും കെ.എം.സി.സി ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരും ജിദ്ദ എയർപോർട്ടിലും മക്ക റെയിൽവേ സ്റ്റേഷനിലും നിലയുറപ്പിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിലും ഇവർ ഇവിടങ്ങളിലെ സേവനനിരതരായിരിക്കും. മക്കയിലെത്തിയ തീർഥാടകരെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ് മാർഗമാണ് താമസകേന്ദ്രങ്ങളിൽ എത്തിച്ചത്. മക്കയിലെ റെയിൽവേ സ്റ്റേഷനിൽ ഹാജിമാർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

