സൗദിയിലെ ആദ്യത്തെ ആഗോള ലോജിസ്റ്റിക് ഫോറം റിയാദിൽ
text_fieldsറിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആഗോള ലോജിസ്റ്റിക് ഫോറം ഒക്ടോബറിൽ റിയാദിൽ നടക്കും. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ ഒക്ടോബർ12 മുതൽ 14 വരെയാണ് ‘ഗ്ലോബൽ ലോജിസ്റ്റിക് ഫോറം 2024’ സംഘടിപ്പിക്കുന്നത്. ആഗോള ലോജിസ്റ്റിക്സ് ഭൂപടത്തിൽ ഒരു പ്രധാന പങ്കുവഹിക്കാൻ റിയാദിനെ പ്രാപ്തമാക്കുന്നതാണ് ഈ ആതിഥേയത്വമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽ ജാസർ പറഞ്ഞു.
ഇത് മൂന്ന് ഭൂഖണ്ഡങ്ങളെ സേവിക്കുകയും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോജിസ്റ്റിക് മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനും സംഭാവന ചെയ്യും. ലോജിസ്റ്റിക് മേഖല തുടർച്ചയായ വളർച്ചക്കും ശാക്തീകരണത്തിനും സാക്ഷ്യംവഹിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. ഫോറത്തിന്റെ ആദ്യ പതിപ്പിൽ ലോജിസ്റ്റിക് മേഖലക്കായുള്ള നടപടിക്രമങ്ങളും നിയമ നിർമാണവും അതിനെ വികസിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാന ശ്രമങ്ങളും അവലോകനം ചെയ്യും.
ലോകബാങ്ക് പുറത്തിറക്കിയ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സിൽ ആഗോളതലത്തിൽ രാജ്യം 17 സ്ഥാനങ്ങൾ മുന്നേറുന്നതിന് ഇത് കാരണമായിട്ടുണ്ട്. 2023 മധ്യത്തിൽ കിരീടാവകാശി പ്രഖ്യാപിച്ച പത്തുകോടി ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ലോജിസ്റ്റിക്സ് സെന്ററുകൾക്കായുള്ള പൊതുപദ്ധതി ലോജിസ്റ്റിക് മേഖലയിലെ ഗുണപരമായ മാറ്റം എടുത്തുകാട്ടുന്നതാണ്.
സൗദിയിലെ ലോജിസ്റ്റിക് മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ഒരു പ്രമുഖ നിക്ഷേപകേന്ദ്രമായും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും സൗദിയുടെ സ്ഥാനം വർധിപ്പിക്കുക എന്നിവയാണ് ഈ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്.
ലോജിസ്റ്റിക് മേഖലയിലെ പ്രമുഖർ, പൊതു-സ്വകാര്യ മേഖലകളിലെ നേതാക്കളും ഉദ്യോഗസ്ഥരും, വിദഗ്ധരും, മുതിർന്ന എക്സിക്യൂട്ടിവുകളും ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുൾപ്പെടെ വിവിധ സെഷനുകളിൽ 10,000 ത്തിലധികം പേർ പങ്കെടുക്കുമെന്ന് ഫോറം പ്രതീക്ഷിക്കുന്നു.
അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുക, ലോജിസ്റ്റിക് സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ ഉത്തേജിപ്പിക്കുക, ആഗോള സമ്പദ്വ്യവസ്ഥയിൽ അതിന്റെ വികസന പങ്ക് വർധിപ്പിക്കുക എന്നിവയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും പുറമെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണെന്നും ലോജിസ്റ്റിക് ഗതാഗത മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

