അറേബ്യൻ പുള്ളിപ്പുലിയുടെ ആദ്യ ജനിതകഘടന വികസിപ്പിച്ചു
text_fieldsഅറേബ്യൻ പുള്ളിപ്പുലി
റിയാദ്: സൗദിയിൽ അറേബ്യൻ പുള്ളിപ്പുലിയുടെ ആദ്യ ജനിതകഘടന (ജീനോം) വികസിപ്പിച്ചു. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് ജനിതകഘടന നിർമിക്കാൻ കഴിഞ്ഞതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര അറേബ്യൻ കടുവ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. അറേബ്യൻ പുള്ളിപ്പുലിയുടെ എണ്ണം 200 കവിയാത്തതിനാൽ സ്വാഭാവിക പരിതസ്ഥിതിയിൽ അവയുടെ നിലനിൽപ്പിനെയും പൊരുത്തപ്പെടുത്തലിനെയും പിന്തുണക്കുന്ന ജീനുകളെക്കുറിച്ച് പഠിക്കുന്നതിനു വേണ്ടിയാണിത്. അതോടൊപ്പം ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സൗദിയിലെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിലും പരിസ്ഥിതി സുസ്ഥിരതയിലും അറേബ്യൻ പുള്ളിപ്പുലിയുടെ സംരക്ഷണത്തിനും പ്രജനനത്തിനും സമഗ്രവും ഫലപ്രദവുമായ തന്ത്രങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ജീനോം നിർമാണം.
ജനിതക സംരക്ഷണവുമായി ബന്ധപ്പെട്ട ഭാവി പഠനങ്ങളെ പിന്തുണക്കുന്നതിനായി ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ജനിതക ഡേറ്റ ലഭ്യമാക്കുന്നതിനായി നാഷനൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ ഗ്ലോബൽ ഡേറ്റബേസിൽ ജീനോം നിക്ഷേപിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തിന്റെ ഭാഗമായി അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനും അവയുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്രവും ഫലപ്രദവുമായ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള നാഷനൽ ലബോറട്ടറിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം.
ജീവനെ ഭീഷണിപ്പെടുത്തുന്ന ജനിതകമാറ്റങ്ങളുമായി ബന്ധപ്പെട്ട ജീനുകളെ തിരിച്ചറിയുന്നതിനും വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ, ചികിത്സാ പരിപാടികളുടെ വികസനം പ്രാപ്തമാക്കുന്ന കൃത്യമായ ഡേറ്റാബേസ് സൃഷ്ടിക്കുന്നതിനും പൂർണമായ ജീൻ പഠിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും ബയോ ടെക്നോളജി ദേശീയ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി ആധുനിക ബയോളജിക്കൽ ടെക്നോളജികളും ഉയർന്ന പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള അനുഭവങ്ങൾ കൈമാറുന്നതിനായി ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേചർ, കാറ്റ്മോസ്ഫിയർ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

