Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുൽഹജ്ജിലെ ആദ്യ...

ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷങ്ങൾ

text_fields
bookmark_border
ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷങ്ങൾ
cancel

മക്ക: ദുൽഹജ്ജ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ ജുമുഅ നമസ്കാരത്തിൽ ലോകത്തിന്റെ നാനാഭാഗത്ത് നിന്നെത്തിയ തീർഥാടകരോടൊപ്പം ഇന്ത്യൻ ഹാജിമാരും പ​ങ്കെടുത്തു. സുപ്രധാന ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ 54,337 പേരും സ്വകാര്യ ഗ്രൂപ്പ് വഴിയെത്തിയവരും ഉൾപ്പടെ 70,000ത്തോളം ഇന്ത്യൻ തീർഥാടകരാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മസ്ജിദുൽ ഹറമിൽ എത്തിയത്. ഹജ്ജിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച ആയതിനാൽ വലിയ തിരക്കാണ് ഹറമിനും പരിസരത്തും അനുഭവപ്പെട്ടത്.


ഹറമിന് പരിസരത്തേക്കുള്ള റോഡുകൾ തിരക്ക് ഒഴിവാക്കാൻ നേരത്തെ അടച്ചിരുന്നു. പുലർച്ചെ മുതൽ ഇന്ത്യൻ ഹജ്ജ് മിഷനും വളന്റിയർമാരും ഹാജിമാരെ ഹറമിലേക്ക് എത്തിച്ചു തുടങ്ങി. രാവിലെ 10.30ഓടെ മുഴുവൻ ഇന്ത്യൻ തീർഥാടകരും ഹറമിൽ സംഗമിച്ചിരുന്നു. താമസിച്ചു വന്ന പല ഹാജിമാർക്കും കാൽനടയായി ഹറമിൽ എത്തേണ്ടിവന്നു. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവർക്ക് കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫീസർമാരെയും പ്രത്യേകത ഡ്യൂട്ടി നൽകി ഫ്രൈഡേ ഓപ്പറേഷൻ നിയന്ത്രിച്ചു. ഹാജിമാരെ ഹറമിൽ എത്തിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനും വിവിധ ഇടങ്ങളിലായി ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. മലയാളികളടക്കമുള്ള വിവിധ സന്നദ്ധസേവകർ കത്തുന്ന വെയിലിൽ ഹാജിമാർക്ക് തണലായി. വനിതകൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകർ പാനീയങ്ങൾ, കുട, ചെരിപ്പ് എന്നിവ ഹാജിമാർക്ക് വിതരണം ചെയ്തു.


ഹജ്ജ് മിഷന്റെ പ്രത്യേക നിർദേശമനുസരിച്ച് മക്കയിലെ മഹ്ബസ് ജിന്നിലായിരുന്നു നൂറുകണക്കിന് വളന്റിയർമാർ തമ്പടിച്ചത്. ബാബ്‌ അലി ഭാഗത്ത് തിരക്ക് ഒഴിവാക്കാൻ വളന്റിയർമാരെ നിയോഗിച്ചു. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും ജുമുഅയിൽ പങ്കെടുത്തു. തിരക്ക് ഒഴിവാക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി വളന്റിയർമാർ മലയാളി ഹാജിമാരോട് ജുമുഅക്ക് ശേഷം സാവധാനത്തിൽ ഇറങ്ങാൻ പ്രത്യേകം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് രണ്ട് മണിക്കാണ് ഹാജിമാർ മടങ്ങിത്തുടങ്ങിയത്. വൈകീട്ട് നാലോടെയാണ് മുഴുവൻ ഹാജിമാര്‍ക്കും ഹറമിൽനിന്ന് പുറത്തുകടക്കാനായത്.

ജുമുഅയിലും നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്ത് ഹാജിമാർ സംതൃപ്തിയോടെയാണ് മടങ്ങിയത്. 1500ഓളം തീർഥാടകർ മാത്രമാണ് ഇന്ത്യയിൽനിന്നും ഇനി ഹജ്ജിന് എത്താനുള്ളത്. ഹജ്ജിന്റെ ദിനങ്ങൾ അടുത്തതോടെ സുപ്രധാന കർമങ്ങൾ നടക്കുന്ന പുണ്യകേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മക്കയിൽ ശക്തമായ ചൂടാണ് ഏതാനും ദിവസങ്ങളായി തുടരുന്നത്. ഹജ്ജ് ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യത എന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haj pilgrimage
News Summary - First friday in duhaj month
Next Story