ദമ്മാം നഗരഹൃദയത്തിൽ തീപിടുത്തം; കടകൾ കത്തി നശിച്ചു
text_fieldsദമ്മാം നഗരഹൃദയത്തിലുണ്ടായ തീപിടിത്തം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നിരവധി കടകൾ കത്തി നശിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ സ്ഥാപനങ്ങളാണ് അധികവും അഗ്നിക്കിരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് തീ പടർന്ന് തുടങ്ങിയത്. കാരണം അറിവായിട്ടില്ല. പ്ലംബ്ലിങ് ഹാർഡ് വയർ കടകൾ നിറയെയുള്ള മാർക്കറ്റ് കൂടിയാണ് തീ പടർന്ന അൽഗ സ്വാൻ സ്ടീറ്റ്.
പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണിൽനിന്ന് അതിവേഗം തീ പടരുകയായിരുന്നു. അഗ്നിശമന സേന കുതിച്ചെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും കറുത്ത പുക പടലങ്ങളാൽ അന്തരീക്ഷം മൂടിയിരുന്നു. തീവ്ര ഭാവത്തിലേക്ക് പടർന്ന തീ അടുത്തടുത്ത കടകളിലേക്കും പടർന്നു പിടിച്ചു.
സിവിൽ ഡിഫൻസ് കിഴക്കൻ പ്രവിശ്യ മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. ഈ പ്രദേശങ്ങളിൽ ഗോഡൗണുകൾക്ക് അനുമതിയുള്ള സ്ഥലമല്ല. എന്നാൽ പലരും കടയോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ ഗോഡൗൺ ആയി ഉപയോഗപ്പെടുത്തുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇൻഷുറൻസോ അഗ്നിശമന സംവിധാനങ്ങളോ ഉള്ളവയല്ല. ഉച്ചക്ക് 12 മണി സമയമായതിനാൽ കടുത്ത തീപിടുത്തത്തിനിടയിലും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു.
തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളിൽനിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചു. 18ഓളം അഗ്നിശമന യൂനിറ്റുകളാണ് തീ അണക്കാൻ പരിശ്രമിക്കുന്നത്. കറുത്ത പുക അന്തരീക്ഷം ആകെ പടർന്നിട്ടുണ്ട്. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും താമസസ്ഥലങ്ങളിലും ആളുകൾ ഇപ്പോഴും പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇരു വശങ്ങളും ബ്ലോക്ക് ചെയ്ത സുരക്ഷാസേന ആളുകളെ അവിടേക്ക് എത്തുന്നത് തടയുന്നുണ്ട്. തീ പടരുന്നത് പകർത്താൻ ശ്രമിച്ച പലരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പിഴ ഈടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

