മരിച്ചയാളുടെ പേരിലുള്ള വാഹനങ്ങൾ അനധികൃതമായി ഓടിച്ചാൽ 900 റിയാൽ പിഴ
text_fieldsറിയാദ്: സൗദി അറേബ്യയിൽ മരിച്ച വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നിയമപരമായ അനുമതിയില്ലാതെ നിരത്തിലിറക്കുന്നത് തടയാൻ കർശനമായ നിയമപരിഷ്കാരവുമായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്. മരിച്ചയാളുടെ പേരിൽ തുടരുന്ന വാഹനങ്ങൾ നിയമപരമായ കൈമാറ്റമോ ഓതറൈസേഷനോ ഇല്ലാതെ ഡ്രൈവ് ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 900 റിയാൽ വരെ പിഴ ചുമത്താനും വാഹനം പിടിച്ചുവെക്കാനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി ‘ഇസ്തിത്ലാഅ്’ പ്ലാറ്റ്‌ഫോമിൽ സമർപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിക്കുന്നതോടെ ഇത് നിലവിലെ ട്രാഫിക് നിയമത്തിെൻറ ഭാഗമാകും.ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 68-ലെ നാലാം ഖണ്ഡികയിലാണ് പുതിയ ഭേദഗതി ഉൾപ്പെടുത്തുന്നത്. ഇതനുസരിച്ച് ഇത്തരം നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 500 റിയാൽ മുതൽ പരമാവധി 900 റിയാൽ വരെയാണ് പിഴ ഈടാക്കുക.
ഒപ്പം വാഹനത്തിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ശരിയാക്കുന്നത് വരെ വാഹനം കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്യും. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ വാഹനം അനുമതിയില്ലാതെ ഓടിക്കുന്നതിനെതിരെ നിലവിൽ നിയമമുണ്ടെങ്കിലും, മരിച്ചവരുടെ വാഹനങ്ങൾ കൂടി ഉൾപ്പെടുത്തി വ്യക്തമായ നിർവചനം നൽകുകയാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.
മരിച്ചയാളുടെ അനന്തരാവകാശികളോ അവരുടെ നിയമപ്രതിനിധികളോ വാഹനത്തിെൻറ ഉടമസ്ഥാവകാശം മാറ്റുന്നതിനും രേഖകൾ ശരിയാക്കുന്നതിനും വേഗത കൂട്ടുക എന്നതാണ് ഈ പരിഷ്കാരത്തിെൻറ പ്രധാന ലക്ഷ്യം. വാഹനങ്ങൾ കൃത്യമായ രേഖകളില്ലാതെ ഉപയോഗിക്കുന്നത് വഴി ട്രാഫിക് നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ഒഴിഞ്ഞുമാറുന്നത് തടയാൻ ഇതിലൂടെ സാധിക്കും.
കൂടാതെ, വാഹനങ്ങളുടെ ഇൻഷുറൻസ്, പീരിയോഡിക് ഇൻസ്പെക്ഷൻ (ഫഹസ്) തുടങ്ങിയ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അപകടസമയത്ത് ഉത്തരവാദിത്തപ്പെട്ട വ്യക്തിയെ പെട്ടെന്ന് കണ്ടെത്താനും ഈ നിയമം സഹായിക്കും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം സർക്കാർ സംവിധാനങ്ങളുടെ ജോലിഭാരം കുറയ്ക്കാനും ഇത്തരം നിയമപരിഷ്കാരങ്ങൾ വഴിയൊരുക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

