Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും;പക്ഷാഘാതം ബാധിച്ച പ്രവാസിക്ക് രക്ഷകനായി എം.എ. യൂസഫലി

text_fields
bookmark_border
ഹൈദരാബാദ്​ സ്വദേശി ദുരിത പർവം താണ്ടി നാടണഞ്ഞു
സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും;പക്ഷാഘാതം ബാധിച്ച പ്രവാസിക്ക് രക്ഷകനായി എം.എ. യൂസഫലി
cancel
camera_alt

നാട്ടിലേക്ക്​ തിരിക്കും മുമ്പ്​ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്​ദുൽ അലീം ലുലു ഗ്രൂപ്പ്​ മാനേജ്​മെൻറ്​ പ്രതിനിധി​കളോടൊപ്പം

ജിദ്ദ: സാമ്പത്തിക ബാധ്യതയെത്തുടർന്ന് യാത്രാവിലക്ക് നേരിടുകയും പിന്നീട് പക്ഷാഘാതം ബാധിച്ച് ജിദ്ദയിലെ അഭയകേന്ദ്രത്തിൽ കഴിയുകയും ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കരുണയിൽ നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നു. തെലങ്കാന സ്വദേശിയായ മുഹമ്മദ് അബ്​ദുൽ അലീമിനാണ് (56) എം.എ. യൂസഫലിയുടെ അടിയന്തര ഇടപെടലിലൂടെ യാത്രാക്കുരുക്കിൽനിന്ന് മോചനം ലഭിച്ചത്.

15 വർഷത്തിലേറെയായി സൗദി അറേബ്യയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന അലീം, മുൻപ് ഇ.എം.ഐ വ്യവസ്ഥയിൽ ഒരു കാർ വാങ്ങിയിരുന്നു. എന്നാൽ, ഭാര്യക്ക് കടുത്ത രോഗബാധയുണ്ടെന്ന വിവരമറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇദ്ദേഹത്തിന് ഭാര്യയുടെ വേർപാടി​െൻറ ആഘാതത്തിൽ കൃത്യസമയത്ത് തിരികെ സൗദിയിലെത്താൻ സാധിച്ചില്ല.

മൂന്ന് വർഷം മുൻപ് പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി അദ്ദേഹം വീണ്ടും സൗദിയിൽ എത്തിയെങ്കിലും പഴയ കാർ കണ്ടെത്താനായില്ല. തുടർന്ന്, കാറി​െൻറ വലിയ തുക കുടിശ്ശിക വന്നതിനെത്തുടർന്ന് കമ്പനി നൽകിയ കേസിൽ കോടതി അലീമിന് മേൽ യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഇതിനിടയിലാണ് അലീമിന് പക്ഷാഘാതം സംഭവിക്കുന്നത്. ശരീരത്തി​െൻറ ഒരു വശം തളർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിവാസത്തിന് ശേഷം ഡിസ്ചാർജ് ആയെങ്കിലും പരിചരിക്കാൻ ആളില്ലാത്തതിനെത്തുടർന്ന് അധികൃതരുടെ നിർദേശപ്രകാരം ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രം ഇദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു.

ഈ ദയനീയസ്ഥിതി ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ എം.എ. യൂസഫലി ഇടപെടുകയും വാഹനം വാങ്ങിയ വകയിൽ കമ്പനിക്ക് അടച്ചുതീർക്കാനുണ്ടായിരുന്ന മുഴുവൻ തുകയും സ്വന്തം നിലയിൽ നൽകി കേസ് തീർപ്പാക്കുകയുമായിരുന്നു. തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി യാത്രാവിലക്ക് ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് പ്രതിനിധികളെ ചുമതലപ്പെടുത്തി.

യൂസഫലിയുടെ നിർദേശപ്രകാരം ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രം സന്ദർശിച്ച് അലീമിനെയും അദ്ദേഹത്തെ പരിചരിക്കുന്ന സഹായിയെയും നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റുകൾ കൈമാറി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റി​െൻറ സജീവ പിന്തുണയോടെ എമർജൻസി സർട്ടിഫിക്കറ്റും ഫൈനൽ എക്സിറ്റും അടക്കമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി കഴിഞ്ഞ ദിവസം അദ്ദേഹം ജന്മനാട്ടിലേക്ക് തിരിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവസാനം വരെ ഒപ്പമുണ്ടായിരുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്‌വിയും അലീമിനോടൊപ്പം യാത്ര തിരിച്ചു. ലുലു റീജനൽ ഡയറക്ടർ അബ്​ദുസലാം, ലുലു പ്രതിനിധി അബ്​ദുൽ മജീദ് എന്നിവരും സഹായങ്ങൾ ഏകോപിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു. പുനർജന്മം നൽകി നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയ എം.എ. യൂസഫലിക്ക് കണ്ണീരോടെയാണ് അലീം നന്ദി രേഖപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും;പക്ഷാഘാതം ബാധിച്ച പ്രവാസിക്ക് രക്ഷകനായി എം.എ. യൂസഫലി
Next Story