ജീവകാരുണ്യ ഫണ്ട് ശേഖരണം; അഞ്ചാമത് ദേശീയ ചാരിറ്റി കാമ്പയിന് തുടക്കം
text_fieldsറിയാദ്: റമദാൻ പ്രമാണിച്ച് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സൗദി ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം വഴി അഞ്ചാമത് ദേശീയ ചാരിറ്റി കാമ്പയിൻ ആരംഭിച്ചു. ഇഹ്സാൻ ദേശീയ ചാരിറ്റബിൾ വർക്ക് പ്ലാറ്റ്ഫോം വഴി അഞ്ചാമത് ദേശീയ ചാരിറ്റി കാമ്പയിന് കഴിഞ്ഞ ദിവസമാണ് സൽമാൻ രാജാവ് അനുമതി നൽകിയത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഉദാരമായ പിന്തുണയുടെ തുടർച്ചയും അതിന്റെ സ്വാധീനവും പരമാവധിയാക്കുന്നതിന്റെ ഭാഗമാണിത്. റമദാൻ ഏഴിന് വൈകീട്ട് ആരംഭിച്ച കാമ്പയിൻ റമദാൻ അവസാനം വരെ തുടരും. ‘ഇഹ്സാൻ’ പ്ലാറ്റ്ഫോമിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടർച്ചയായി നൽകിവരുന്ന പിന്തുണക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇഹ്സാൻ പ്ലാറ്റ്ഫോം സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽഖസബി നന്ദിയും അഭിനന്ദനവും അറിയിച്ചു.
വിശ്വസനീയമായ പ്ലാറ്റ്ഫോമിലൂടെ അർഹരായ ആളുകളെ പിന്തുണക്കുന്നതിൽ പങ്കെടുക്കാൻ മനുഷ്യസ്നേഹികളെയും ഗുണഭോക്താക്കളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കാമ്പയിനുകളിൽ നേടിയ മികച്ച ജനപങ്കാളിത്തത്തിന്റെയും വിശാലമായ സാമൂഹിക ഇടപെടലിന്റെയും വിപുലീകരണമാണ് അഞ്ചാമത് കാമ്പയിനെന്ന് അൽഖസബി പറഞ്ഞു. നാലാം പതിപ്പിൽ 1.5 കോടി പേരുടെ സംഭാവനയിലൂടെ 180 കോടി റിയാലിലധികമാണ് ലഭിച്ചത്. മൂന്നാം പതിപ്പിൽ 76 കോടി റിയാലിലധികം സംഭാവനയായി ലഭിച്ചു. ഒന്നും രണ്ടും പതിപ്പുകൾ യഥാക്രമം 75 കോടി റിയാലും 80 കോടി റിയാലും നേടിയെന്നും അൽഖസബി പറഞ്ഞു.
‘ഇഹ്സാൻ’ പ്ലാറ്റ്ഫോം വിവിധ ജീവകാരുണ്യ, വികസന മേഖലകളിലെ മനുഷ്യസ്നേഹികളിൽനിന്നാണ് സംഭാവനകൾ സ്വീകരിക്കുന്നത്. ‘ഇഹ്സാൻ എൻഡോവ്മെന്റ് ഫണ്ട്’ ഉൾപ്പെടെ ഡിജിറ്റൽ ചാനലുകൾ വഴി സംഭാവന പ്രക്രിയകൾ കൃത്യമായും സുതാര്യമായും സുരക്ഷിതമായും സ്വീകരിക്കുന്നത് അത് ഉറപ്പാക്കുന്നു. മൊബൈൽ ആപ്പും വെബ്സൈറ്റും (Ehsan.sa) വഴിയോ അല്ലെങ്കിൽ 8001247000 എന്ന ഏകീകൃത നമ്പർ വഴിയോ സംഭാവനകൾ സ്വീകരിക്കുമെന്നും അൽഖസബി പറഞ്ഞു.
രാജകീയ ഉത്തരവിന് അനുസൃതമായി സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയാണ് (സാദിയ) ‘ഇഹ്സാൻ’ ചാരിറ്റി പ്ലാറ്റ്ഫോം സ്ഥാപിച്ചത്. 13 സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന ഒരു സൂപ്പർവൈസറി കമ്മിറ്റിയാണ് ഇത് നിരീക്ഷിക്കുന്നത്. ഇഹ്സാൻ പ്ലാറ്റ്ഫോമിന് തുടക്കം മുതൽ ഇതുവരെ 900 കോടി റിയാൽ സംഭാവനയായി ലഭിച്ചു. വിവിധ മാനുഷിക, വികസന മേഖലകളിൽ സ്ത്രീകളും പുരുഷന്മാരുമായ 48 ലക്ഷത്തിലധികം ഗുണഭോക്താക്കൾ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

