സഹയാത്രികർക്ക് ശാരീരികാസ്വാസ്ഥ്യം, വിമാനത്തിൽ രക്ഷകരായി രഞ്ജു, അമ്പിളി ദമ്പതികൾ
text_fieldsരഞ്ജു, അമ്പിളി
റിയാദ്: വിമാന യാത്രക്കിടെ സഹയാത്രികരിൽ ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ രക്ഷയുടെ മാലാഖകളായി രഞ്ജു, അമ്പിളി ദമ്പതികൾ. റിയാദിൽനിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. വ്യത്യസ്ത സമയങ്ങളിൽ രണ്ട് യാത്രക്കാർ തലചുറ്റി വീഴുകയും ഒരാൾക്ക് ഫിറ്റ്സുണ്ടാവുകയും ചെയ്തപ്പോഴാണ് മലയാളി നഴ്സുമാരായ ഈ ദമ്പതികൾ രക്ഷകരായത്. റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ അമ്പിളിയും റിയാദ് തഖസൂസിയിലെ എസ്.എം.സി ആശുപത്രിയിൽ നഴ്സായ രഞ്ജുവും വാർഷികാവധിക്ക് നാട്ടിലേക്ക് പുറപ്പെട്ടതാണ്. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ സ്വദേശികളാണ് ഇരുവരും.
യാത്ര ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോൾ ഒരു യാത്രക്കാരൻ ടോയിലറ്റിലേക്ക് പോകുന്നതിനിടെ തലചുറ്റി വീണു. അടിയന്തര ശ്രുശ്രൂഷ നൽകാൻ പ്രാപ്തരായ ആരെങ്കിലും യാത്രക്കാരിലുണ്ടോ എന്ന് കാബിൻ ക്രൂ മൈക്കിലൂടെ ചോദിച്ചു. ഉടൻ രഞ്ജുവും അമ്പിളിയും എഴുന്നേറ്റ് ഞങ്ങളുണ്ടെന്ന് പറയുകയും തലചുറ്റി വീണയാളുടെ അടുത്തേക്ക് ഓടുകയും ചെയ്യുകയായിരുന്നു.
യാത്രക്കാരെ മാറ്റി ആ സീറ്റുകളിൽ രോഗിയെ കിടത്തുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. രക്തത്തിലെ ഷുഗർ ലെവൽ കുറഞ്ഞതാണ് കാരണമെന്ന് കണ്ടെത്തി അതിനുള്ള പ്രതിവിധികൾ ചെയ്ത് ആയാളെ സുഖം പ്രാപിക്കാൻ സഹായിച്ചു. ശേഷം ദമ്പതികൾ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചെത്തി അധികം കഴിയും മുമ്പ് മറ്റൊരു യാത്രക്കാരനും സമാനമായ രീതിയിൽ തലചുറ്റിവീണു. ക്രൂവിെൻറ അനൗൺസ്മെൻറിനൊന്നും കാത്തുനിന്നില്ല, ഇരുവരും ഉടൻ അവിടേക്ക് കുതിച്ചു. ആവശ്യമായ പരിചരണങ്ങൾ നൽകി അയാളെയും സുഖപ്പെടുത്തി.
ഏതാണ്ട് യാത്ര അവസാനിക്കാറായപ്പോഴാണ് മറ്റൊരാൾക്ക് ഫിറ്റ്സുണ്ടായത്. ദമ്പതികളുടെ രക്ഷാകരം നീണ്ടുചെന്നു. അയാളെയും സുഖംപ്രാപിക്കാൻ സഹായിച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കാബിൻ ക്രൂ മൈക്കിലൂടെ ദമ്പതികൾക്ക് നന്ദി പറഞ്ഞു: ‘തങ്ങളുടെ യാത്രക്കാർക്ക് ആരോഗ്യപ്രശ്നം നേരിട്ടപ്പോൾ തത്സമയം തന്നെ ശരിയായ വൈദ്യസഹായം നൽകി അവരെ സുഖം പ്രാപിക്കാൻ സഹായിച്ച നമ്മുടെ പ്രിയ യാത്രക്കാരായ രഞ്ജു പി, അമ്പിളി എന്നിവർക്ക് എയർ ഇന്ത്യ എക്സ്പ്രസിെൻറയും ഞങ്ങൾ ഓരോരുത്തരുടേയും പേരിൽ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു അനൗൺസ്മെൻറ്.
കാര്യമായ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളൊന്നും ഇല്ലാത്ത വിമാനത്തിൽ ഈ ദമ്പതികളുടെ ഇടപെടൽ മൂന്ന് ജീവനുകളാണ് രക്ഷിച്ചതെന്ന് സഹയാത്രികർ അഭിപ്രായപ്പെട്ടു. ഒന്നര പതിറ്റാണ്ടിലേറെയായി സൗദി ആരോഗ്യരംഗത്ത് സേവനം അനുഷ്ഠിക്കുന്ന രഞ്ജു, അമ്പിളി ദമ്പതികളുടെ പ്രവൃത്തിപരിചയമാണ് സന്ദർഭത്തിനൊത്ത് ഉയരാനും ശരിയായ പരിചരണത്തിലൂടെ യാത്രക്കാരെ രക്ഷിക്കാനും സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

