ഫാഷിസവും തീവ്രവാദവും മതേതര സങ്കൽപങ്ങളെ ബലികഴിക്കുന്നു -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsഉംറ നിർവഹിക്കാനെത്തിയ വിവിധ മുസ്‍ലിംലീഗ് നേതാക്കൾക്ക് മക്ക കെ.എം.സി.സി നൽകിയ സ്വീകരണ സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു
മക്ക: സമകാലിക ഇന്ത്യയിൽ ഫാഷിസവും തീവ്രവാദവും രാജ്യത്തിന്റെ മതേതര സങ്കൽപങ്ങളെ ബലികഴിക്കുമ്പോൾ മതേതര കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന പാർട്ടി മുസ്‍ലിംലീഗ് മാത്രമാണെന്നും അതുകൊണ്ടുതന്നെ ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗ് രാജ്യത്ത് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ഉംറ നിർവഹിക്കാനെത്തിയ വിവിധ മുസ്‍ലിംലീഗ് നേതാക്കൾക്ക് മക്ക കെ.എം.സി.സി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ എല്ലാ മേഖലകളിലും ജനത്തിന് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. കേരള സർക്കാറിന്റെ തലതിരിഞ്ഞ നയങ്ങളും ജനദ്രോഹപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ മുസ്‍ലിംലീഗ് അഭിമാനത്തോടെയാണ് വീക്ഷിക്കുന്നത്. കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി പ്രവാസി സമൂഹത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
കഴിഞ്ഞ കാലങ്ങളിൽ ഈ പദ്ധതികളിൽ അംഗങ്ങളായി മരണപ്പെട്ടവുടെ ആശ്രിതർക്കും വിവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെട്ടവർക്കും നൽകിയ സഹായങ്ങൾ ഏറെ വിലമതിക്കാനാത്ത ഒന്നാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
ഫായിദ ബഷീർ (ചെയർമാൻ, മണ്ണാർക്കാട് നഗരസഭ), സലാം മാസ്റ്റർ (മണ്ണാർക്കാട് മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ്), കണ്ണിയൻ അബൂബക്കർ (മഞ്ചേരി മുനിസിപ്പൽ കൗൺസിലർ), തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, നാസർ ഉണ്യാൽ, എം.സി. നാസർ, സിദ്ദീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, സക്കീർ കാഞ്ഞങ്ങാട്, ഷമീർ ബദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും ട്രഷറർ മുസ്തഫ മുഞ്ഞകുളം നന്ദിയും പറഞ്ഞു.