മദീന ബസ് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യൻ തീർഥാടകർക്ക് വിട: മസ്ജിദുന്നബവിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു
text_fieldsഖബറടക്ക ചടങ്ങിൽനിന്ന്
മദീന: മദീനയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ച 45 ഹൈദരാബാദ് സ്വദേശികളായ ഉംറ തീർത്ഥാടകരുടെ മൃതദേഹങ്ങൾ പ്രവാചകനഗരിയിലെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി. ശനിയാഴ്ച ളുഹർ നമസ്കാരത്തിന് ശേഷം മസ്ജിദുന്നബവിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് മസ്ജിദുന്നബവി പ്രമുഖ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ ബാരി അൽതുബൈത്തി നേതൃത്വം നൽകി. തുടർന്ന്, പ്രവാചകൻ മുഹമ്മദ് നബിയുടെ അനുചരന്മാരും പ്രമുഖ ഇസ്ലാമിക പണ്ഡിതരും അന്ത്യവിശ്രമം കൊള്ളുന്ന ഇസ്‍ലാമിലെ ഏറ്റവും പുണ്യമേറിയ മഖ്ബറയിലൊന്നായ ജന്നത്തുൽ ബഖീഇൽ മൃതദേഹങ്ങൾ ഖബറടക്കി.
ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മൃതദേഹങ്ങൾ വഹിക്കുന്നു
കണ്ണീരോടെ വിടചൊല്ലി മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിശ്വാസികളാണ് മസ്ജിദുന്നബവിയിൽ ഒത്തുകൂടിയത്. ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, തെലങ്കാന ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ഹറുദ്ധീൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, സൗദി ഉദ്യോഗസ്ഥർ, മരിച്ചവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർഥാടകരും തദ്ദേശീയരായ സൗദി പൗരന്മാരും പ്രാർഥനയിൽ പങ്കുചേർന്നു.
ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൽ നസീർ, തെലങ്കാന ന്യൂനപക്ഷക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, സൗദി ഉദ്യോഗസ്ഥർ എന്നിവർ
മരിച്ചവരെ തിരിച്ചറിയുന്നതുൾപ്പെടെയുള്ള എല്ലാ നിയമനടപടികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. മൃതദേഹങ്ങളോട് പൂർണ ആദരവ് പുലർത്തിക്കൊണ്ട് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സൗദി ഉദ്യോഗസ്ഥരും റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും തമ്മിൽ കൃത്യമായ ഏകോപനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

