മുസ്തഫ കാരത്തൂരിന് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുസ്തഫ കാരത്തൂരിന് അസീർ പ്രവാസി സംഘം യാത്രയയപ്പ്
നൽകിയപ്പോൾ
ഖമീസ് മുശൈത്ത്: രണ്ടര പതിറ്റാണ്ടു നീണ്ട പ്രവാസത്തിന് വിടചൊല്ലി നാട്ടിലേക്ക് പോകുന്ന മുസ്തഫ കാരത്തൂരിന് അസീർ പ്രവാസി സംഘം ഖമീസ് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. കേന്ദ്ര കമ്മിറ്റി ഓഫിസിൽ ചേർന്ന യാത്രയയപ്പ് യോഗം ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര ഉദ്ഘാടനം ചെയ്തു.
സംഘടന രൂപവത്കരണ കാലം മുതൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലെ നേതൃരംഗത്ത് നിറഞ്ഞുനിന്ന സംഘാടകരിലൊരാളായിരുന്നു മുസ്തഫയെന്നും സംഘടന പ്രവർത്തനങ്ങൾ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നിർണായക ഇടപെടലുകളാണ് മുസ്തഫ കാരത്തൂർ നടത്തിയിട്ടുള്ളതെന്നും സുരേഷ് മാവേലിക്കര പറഞ്ഞു.
യോഗത്തിൽ ഏരിയ പ്രസിഡൻറ് സുരേന്ദ്രൻ സനാഇയ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് അബ്ദുൽ വഹാബ് കരുനാഗപള്ളി, എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂർ, കേന്ദ്ര കമ്മിറ്റി അംഗം ഷാജി പണിക്കർ, ഏരിയ കമ്മിറ്റി നേതാക്കളായ സുരേന്ദ്രൻ പിള്ള, പി.വി. അശോകൻ എന്നിവർ സംസാരിച്ചു.
മലപ്പുറം തിരൂർ കാരത്തൂർ സ്വദേശിയായ മുസ്തഫ 1996ലാണ് അബഹയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കായി എത്തിയത്. പ്രവാസി സംഘം ഖമീസ് ഏരിയ റിലീഫ് കൺവീനർ, ഏരിയ പ്രസിഡൻറ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി രാജഗോപാലും കേന്ദ്ര കമ്മിറ്റി നൽകിയ വിമാന ടിക്കറ്റ് സെക്രട്ടറി സുരേഷ് മാവേലിക്കരയും കൈമാറി. പ്രവാസ ജീവിതത്തിലെ വ്യക്തിപരമായ അനുഭവങ്ങൾ വിശദീകരിച്ചും സംഘടന പ്രവർത്തനങ്ങളിലൂടെ നേടിയ സൗഹൃദങ്ങളും അറിവുകളും ജീവിതത്തിലെ മഹാഭാഗ്യങ്ങളായി കാണുന്നുവെന്നും സൂചിപ്പിച്ചു. ഏരിയ സെക്രട്ടറി രാജഗോപാൽ ക്ലാപ്പന സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

