‘ഇവ’ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് കോയക്ക് ഈസ്റ്റ് വെനീസ് അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വളഞ്ഞവഴി സ്വദേശി മുഹമ്മദ് കോയക്ക്, റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) യാത്രയയപ്പ് നൽകി. സൗദി അറേബ്യയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് ചെയിൻ ആയ ഹെർഫി ഫുഡ് സർവിസ് കമ്പനിയിൽ ഒരു സാധാരണ തൊഴിലാളിയായി ജോലിയിൽ പ്രവേശിച്ച കോയ, വിവിധ തസ്തികളിൽ ജോലി ചെയ്ത ശേഷം ഔട്ട്ലെറ്റ് മാനേജരായാണ് വിരമിക്കുന്നത്. റിയാദ് ഹയ്യുൽ സലാമിലെ സ്പൈസി വേൾഡ് റസ്റ്റാറൻറിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖപ്രസംഗം നടത്തി. പ്രസിഡൻറ് ആൻറണി വിക്ടർ ഉപഹാരം കൈമാറി.
ജലീൽ പുന്നപ്ര, ഹാഷിം ചീയാംവെളി, ഷാജി പുന്നപ്ര, നൗമിത ബദർ, നിസാർ മുസ്തഫ, സിജു പീറ്റർ, ആസിഫ് ഇഖ്ബാൽ, റീന സിജു, ബദർ കാസിം, ഫാരിസ് സൈഫ് എന്നിവർ സംസാരിച്ചു. സീന നിസാർ, ഹസീന ആസിഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

