കുടുംബ സുരക്ഷ പദ്ധതി ഏഴാം വാർഷികം; റിയാദ് കെ.എം.സി.സി കാമ്പയിന് തുടക്കം
text_fieldsറിയാദ് കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിൻ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതി ഏഴാം വർഷത്തിലേക്ക് കടന്നു. 2019ൽ ആരംഭിച്ച പദ്ധതിയിൽ ആയിരക്കണക്കിന് പ്രവാസികളാണ് അംഗങ്ങളായിട്ടുള്ളത്. 2025 - 2026 വർഷത്തേക്കുള്ള കാമ്പയിൻ ആരംഭിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന കാമ്പയിൻ ഉദ്ഘാടനം കൊടുവള്ളി നിയോജകമണ്ഡലം കെ.എം.സി.സി ഭാരവാഹികൾക്ക് അംഗത്വ അപേക്ഷ ഫോം നൽകി സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു അധ്യക്ഷത വഹിച്ചു. 2025 ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ മുപ്പത് വരെയാണ് കാമ്പയിൻ നടക്കുക. നിലവിൽ അംഗത്വമുള്ളവർക്ക് പുതുക്കുവാനും പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർക്ക് അംഗത്വം എടുക്കുവാനുമുള്ള അവസരമാണ് കാമ്പയിൻ കാലയളവിലുണ്ടാവുക. കേരളക്കാരായ റിയാദിലെ പ്രവാസി സമൂഹത്തിന് നിയമങ്ങൾക്ക് അനുസൃതമായിട്ടാണ് പദ്ധതിയിൽ ചേരുവാൻ കഴിയുക.
പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെടുന്ന ആളുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നൽകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട നാൽപതോളം പേരുടെ കുടുംബങ്ങൾക്ക് സഹായം മുഴുവനായും കൈമാറുവാൻ കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ അംഗമായതിന് ശേഷം അസുഖ ബാധിതരായ നൂറ്റി ഇരുപതിലധികം പ്രവാസികൾക്ക് ചികിത്സ സഹായവും കൈമാറിയിട്ടുണ്ട്. വളരെ വ്യവസ്ഥാപിതമായി നാട്ടിൽ പദ്ധതിയുടെ ഓഫീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.പദ്ധതിയിൽ അംഗത്വമുള്ളവർക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയാലും ആധാർ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ച് അംഗത്വം പുതുക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ഓൺലൈൻ സേവനവും ലഭ്യമാണ്. പ്രവാസികൾക്ക് റിയാദിലെ താമസ രേഖയുണ്ടാവണം. സന്ദർശക വിസയിൽ വന്നവർക്ക് പദ്ധതിയിൽ ചേരുവാൻ കഴിയില്ല. കാമ്പയിൻ കാലയളവിൽ പരമാവധി പ്രവാസികളെ പദ്ധതിയിൽ ചേർക്കുവാൻ കെ.എം.സി.സിയുടെ എല്ലാ ഘടകങ്ങളും പ്രവർത്തന രംഗത്ത് സജീവമാകും.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, സിറാജ് മേടപ്പിൽ, ജലീൽ തിരൂർ, അഷ്റഫ് കൽപകഞ്ചേരി, പി.സി. അലി വയനാട്, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും നാസർ മാങ്കാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

