ബാലചന്ദ്രൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പ്രാർഥനയോടെ കുടുംബം
text_fieldsബാലചന്ദ്രൻ
ദമ്മാം: പക്ഷാഘാതത്തെ തുടർന്ന് കന്യാകുമാരി സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ആശുപത്രിയിൽ. താമസസ്ഥലത്ത് വച്ച് പക്ഷാഘാതം ബാധിച്ച് കുഴഞ്ഞുവീണ കന്യാകുമാരി തക്കല മൂലച്ചൽ സ്വദേശി ബാലചന്ദ്രൻ (36) ഖത്വീഫ് അൽ സഹ്റ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. കെട്ടിട നിർമാണ തൊഴിലാളിയായ ഇദ്ദേഹം ആറു വർഷമായി ഖത്വീഫിലും പരിസര പ്രദേശങ്ങളിലുമായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ മാസം 28ന് റൂമിൽ കുഴഞ്ഞുവീണ ബാലചന്ദ്രനെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ഖത്വീഫിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ ഷാജഹാൻ കൊടുങ്ങല്ലൂർ, ഷാഫി വെട്ടം എന്നിവർ ഇടപെട്ട് അദ്ദേഹത്തിന്‍റെ ചികിത്സാനടപടികൾ വിലയിരുത്തി ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു. ബാലചന്ദ്രന്‍റെ സഹോദരി ഭർത്താവായ സ്റ്റാൻലിൻ ഇവരുടെ കൂടെ ഉണ്ട്. വെൻറിലേഷൻ സഹായത്തിൽ കഴിഞ്ഞിരുന്ന ബാലചന്ദ്രനെ, നില കുറച്ചു മെച്ചപ്പെട്ടതിനെ തുടർന്ന് മാറ്റിയിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് അദ്ദേഹത്തിന് തിരിച്ചുവരാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും ഡോക്ടറും സഹപ്രവർത്തകരും.
നാട്ടിൽ അമ്മയും ഭാര്യയുമാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ബാലചന്ദ്രൻ. എല്ലാവരുടെയും പ്രാർഥന അദ്ദേഹത്തിനുണ്ടാകണമെന്നും സോഷ്യൽ പ്രവർത്തകനായ ഷാജഹാൻ കൊടുങ്ങല്ലൂർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

