ദമ്മാം: നവയുഗം സാംസ്കാരികവേദി കുടുംബസംഗമം സംഘടിപ്പിച്ചു. നവയുഗം കുടുംബവേദിയുടെയും വനിതവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, ദമ്മാം സിഹാത്തിലെ ആൻനഖ്യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകീട്ട് 6.30 വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറിയത്. കുടുംബസംഗമത്തോട് അനുബന്ധിച്ചു നടന്ന യോഗത്തിൽ കുടുംബവേദി പ്രസിഡന്റ് ഗോപകുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മതിലകം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ, ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതവേദി പ്രസിഡന്റ് അനീഷ കലാം എന്നിവർ സംസാരിച്ചു.
യോഗത്തിന് വനിതവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും കുടുംബവേദി ജോ.സെക്രട്ടറി പ്രിയ ബിജു നന്ദിയും പറഞ്ഞു. രാവിലെ മുതൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ മത്സരങ്ങളും വൈകീട്ട് കലാപരിപാടികളും അരങ്ങേറി. ഫാം ഹൗസിലെ മൃഗശാലയും പാർക്കിലെ ഗെയിമുകളും സ്വിമ്മിങ് പൂളിലെ നീന്തൽ പരിശീലനവും കുട്ടികളെ ഏറെ ആഹ്ലാദിപ്പിച്ചു. വിവിധ മത്സരങ്ങളിലും കലാപരിപാടികളിലും ആവേശപൂർവം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു. കുടുംബസംഗമത്തോടനുബന്ധിച്ചു മെഡിക്കൽ ക്യാമ്പും നടന്നു. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പുതുവർഷാഹ്ലാദം പങ്കുവെച്ച് കേക്ക് മുറിച്ചു കുടുംബസംഗമം പരിപാടി അവസാനിച്ചു. നവയുഗം ഭാരവാഹികളായ മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, അരുൺ ചാത്തന്നൂർ, മണിക്കുട്ടൻ, നിസാം കൊല്ലം, സഹീർഷാ, ബിനുകുഞ്ഞു, മഞ്ജു അശോക്, മീനു അരുൺ, ബിജു മുണ്ടക്കയം, ഷെമി ഷിബു, ദിനേശ്, സൗമ്യ വിജയ്, സരള ജേക്കബ്, അനിത ഷാജി, ഷഫീഖ്, വിജയ്, ഷാഹിദ്, രവി എന്നിവർ നേതൃത്വം നൽകി.