ജുബൈൽ ദഅ്വ സെന്റർ ഫാമിലി കോൺഫറൻസിന് സമാപനം
text_fieldsജുബൈൽ ദഅ്വ സെന്റർ ഫാമിലി കോൺഫറൻസിൽ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തുന്നു
ജുബൈൽ: നൂറുക്കണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് ജുബൈലിൽ സമാപിച്ചു.
ജുബൈൽ ദഅവാ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ നാലു സെഷനുകളിലായി നടന്ന സമ്മേളനം ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെന്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽമദീനി ഉദ്ഘാടനം ചെയ്തു.
സമ്മേളന പ്രമേയത്തിൽ ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ധാർമികമൂല്യങ്ങളിലൂന്നി മാത്രമേ സാമൂഹിക ജീർണതകൾക്ക് പ്രതിവിധി കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും വികലവിശ്വാസങ്ങളും അനാചാരങ്ങളുമാണ് മിക്ക കുറ്റകൃത്യങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവിശുദ്ധിയിലൂടെ മാത്രമേ സ്ഥായിയായ സംതൃപ്തി കുടുംബങ്ങളിൽ നിലവിൽവരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കുടുംബം - പുതിയ കാല പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ ബുറൈദ ദഅ്വ സെന്ററിലെ പ്രബോധകൻ റഫീഖ് സലഫി സംസാരിച്ചു.
കുടുംബങ്ങളിൽ ഇന്ന് കാണുന്ന പുതിയകാല പ്രവണതകളെക്കുറിച്ച് കുടുംബനാഥർ കരുതിയിരിക്കണമെന്നും പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി കൂടുതൽ ജാഗ്രതയോടെ തക്കസമയത്ത് തന്നെ പരിഹാരങ്ങളുമായി ഇടപെടണമെന്നും അദ്ദേഹം ഉണർത്തി.
‘സംതൃപ്ത കുടുംബം’ എന്ന വിഷയം ശിഹാബ് എടക്കര അവതരിപ്പിച്ചു. ഫാഹിം ഉമർ അൽ ഹികമി ആമുഖ ഭാഷണം നടത്തി. വിദ്യാർഥികൾക്കായി പ്രത്യേക വേദിയിൽ ബാലസമ്മേളനം അരങ്ങേറി. വിവിധ ആക്ടിവിറ്റികളുടെ സഹായത്തോടെ പ്രഭാഷകർ വിദ്യാർഥികളുമായി സംവദിച്ചു.
ഇബ്രാഹിം അൽ ഹികമി ഹദീസ് ക്ലാസ് അവതരിപ്പിച്ചു. ആസാദ് വളപ്പട്ടണം, അബ്ദുൽ മന്നാൻ, അർശദ് ബിൻ ഹംസ, ഷിയാസ് റഷീദ് വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു.
പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സമ്മാനവിതരണം സുബ്ഹാൻ സ്വലാഹി നിയന്ത്രിച്ചു. ഹബീബ് റഹ്മാൻ, മൊയ്തീൻ കുട്ടി മലപ്പുറം, ശൈലാസ് കുഞ്ഞു, നിയാസ് മൂത്തേടം, ലമീസ് എന്നിവർ സംസാരിച്ചു. ഖുർആൻ ഹദീസ് തുടർ പഠന സംരംഭമായ ക്യു.എച്ച്.എൽ.സിയുടെ 11ാം ഘട്ട പുസ്തക പ്രകാശനം ഹുസൈൻ സലഫി നിർവഹിച്ചു.
സൗദി ദേശീയ സമിതി പ്രസിഡന്റ് പി.കെ. മുഹമ്മദ് കുട്ടി, കിഴക്കൻ പ്രവിശ്യാ സെക്രട്ടറി നൗഷാദ് ഖാസിം എന്നിവർ സംസാരിച്ചു.
അബ്ദുൽ ജബ്ബാർ മദീനിയുടെ പുതിയ ഔദ്യോഗിക യൂട്യൂബ് ചാനൽ റഫീഖ് സലഫി ഉദ്ഘാടനം ചെയ്തു. ജുബൈൽ, ദമ്മാം, അൽഖോബാർ, റാക്ക, ഖഫ്ജി, അൽ അഹ്സ എന്നിവിടങ്ങളിൽനിന്നും കുടുംബങ്ങളടക്കമുള്ളവർ സമ്മേളനത്തിനെത്തി. ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽനിന്ന് വിവിധ പ്രതിനിധികൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

