ഫാൽക്കൺ മേള 2024; ആഹ്ലാദത്തിൽ സൗദി വനിത ഫാൽക്കണർമാർ
text_fieldsറിയാദ് മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ് ആസ്ഥാനത്ത് നടക്കുന്ന ‘കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേള 2024’ൽ
പങ്കെടുക്കുന്ന വനിത ഫാൽക്കണർമാർ
റിയാദ്: സൗദി തലസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ‘കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേള 2024’ൽ പങ്കെടുക്കാനായ സന്തോഷത്തിൽ സൗദി വനിത ഫാൽക്കണർമാർ. റിയാദ് നഗരത്തിന്റെ വടക്ക് മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ് ആസ്ഥാനത്ത് ഈ മാസം 19 വരെ നടക്കുന്ന മേളയിലാണ് ഇരപിടിയൻ പക്ഷി വളർത്തുകാരായ വനിതകൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാൽക്കണുകളെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. 3.6 കോടി റിയാലിലധികം സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.
മേളയിൽ പങ്കെടുക്കാനായതിൽ വനിതകൾ സന്തോഷം പ്രകടിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ ഫാൽക്കണർ സംഗമത്തിൽ വനിതകൾക്കായി ഒരു ഭാഗം അനുവദിച്ച സൗദി ഫാൽക്കൺ ക്ലബ്ബിന് പങ്കെടുത്തവർ നന്ദി അറിയിച്ചു. ഈ ചുവടുവെപ്പ് തങ്ങൾക്ക് വളരെയധികം ഗുണകരമായി. പ്രത്യേകിച്ചും മികച്ച പ്രഫഷനലിസത്തോടെ ഹോബി പരിശീലിക്കാൻ ഇത് അനുവദിക്കുന്നുവെന്നും അവർ പറഞ്ഞു. മുമ്പ് ഫാൽക്കണറി മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനങ്ങൾ നേടിയിരുന്നുവെന്ന് ഫാൽക്കണർ ഹദീൽ അൽ മുതൈരി പറഞ്ഞു. ഭിന്നശേഷിക്കാരിയായ സൗദിയിലെ ആദ്യത്തെ ഫാൽക്കണർ താനാണെന്നും ഒന്നാം സ്ഥാനത്തിനായി മത്സരിക്കാൻ തയാറാണെന്നും അവർ പറഞ്ഞു.
തനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് ഫാൽക്കണുമായുള്ള ബന്ധം ആരംഭിച്ചതെന്ന് അവർ സൂചിപ്പിച്ചു. കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവൽ 2024 ലെ വനിത റൗണ്ടിൽ പങ്കെടുക്കാൻ തയാറാണെന്ന് ഫാൽക്കണർ റീം പറഞ്ഞു. ഇത് തന്റെ രണ്ടാമത്തെ പങ്കാളിത്തമാണ്. ഞാൻ മുമ്പ് ഹഫർ അൽബാത്വിനിൽ പങ്കെടുത്തിട്ടുണ്ട്. ഈ പുരാതന പൈതൃകത്തിൽ പങ്കാളികളാകാൻ സ്ത്രീകൾക്ക് അവസരം നൽകിയതിന് സൗദി ഫാൽക്കൺ ക്ലബ്ബിന് നന്ദി പറയുന്നു.
ഫാൽക്കണറിയുടെ പൈതൃകത്തെക്കുറിച്ച് കൂടുതലറിയാനും അനുഭവങ്ങൾ കൈമാറാനുമുള്ള മഹത്തായ അവസരമാണ് ഫെസ്റ്റിവൽ എന്നും റീം പറഞ്ഞു. 2024ലെ കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിന്റെ11ാം ദിവസമാണ് സൗദി ഫാൽക്കൺസ് ക്ലബ് സ്ത്രീകൾക്കായി പ്രത്യേക റൗണ്ട് മത്സരം സംഘടിപ്പിച്ചത്. വലിയ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. പങ്കാളിത്ത അടിത്തറ വിപുലപ്പെടുത്താനുള്ള സൗദി ഫാൽക്കൺസ് ക്ലബിന്റെ തന്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സ്ത്രീകൾക്കായി റൗണ്ട് സംഘടിപ്പിച്ചത്. പ്രഫഷനൽ സംവിധാനങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി നിരവധി വനിത ഫാൽക്കണറുകൾക്ക് അവരുടെ ഹോബി പരിശീലിക്കാൻ അവസരം നൽകുന്നതിനും കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

