റിയാദിൽ ഫാൽക്കൺ ലേലത്തിന് തുടക്കം; രണ്ട് ഫാൽക്കണുകൾ വിറ്റുപോയത് 5.4 ലക്ഷം റിയാലിന്
text_fieldsറിയാദ് മൽഹമിലെ നാഷനൽ ഫാൽക്കൺ സെൻറർ ആസ്ഥാനത്ത് അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിന് തുടക്കം കുറിച്ചപ്പോൾ
റിയാദ്: പരുന്ത് വളർത്തൽ രംഗത്തെ പ്രേമികളുടെയും വിദഗ്ദ്ധരുടെയും വൻ പങ്കാളിത്തത്തോടെ റിയാദിൽ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിന് ഉജ്ജ്വല തുടക്കമായി. വടക്കൻ റിയാദിലെ മൽഹാമിലുള്ള നാഷനൽ ഫാൽക്കൺ സെൻറർ ആസ്ഥാനത്ത് നടന്ന ലേലത്തിെൻറ ആദ്യദിനം തന്നെ രണ്ട് പരുന്തുകൾ 5.4 ലക്ഷം റിയാലിന് വിറ്റുപോയി. പ്രശസ്ത കനേഡിയൻ ഫാമായ ‘ജിം വിൽസണി’ൽ നിന്നുള്ള മികച്ചയിനം ഫാൽക്കണുകൾക്കായി ലേലക്കാർക്കിടയിൽ കടുത്ത മത്സരമാണ് അനുഭവപ്പെട്ടത്. 50,000 റിയാലിൽ ലേലം ആരംഭിച്ച ‘ജിർ പ്യുവർ’ വിഭാഗത്തിൽപ്പെട്ട ഫാൽക്കണെ 3,80,000 റിയാലിനും, ഇതേ തുകയിൽ ലേലം വിളിച്ചു തുടങ്ങിയ ‘മദ് ലൂഥ് ജിർ’ വിഭാഗത്തിൽപ്പെട്ട ഫാൽക്കണെ 1,60,000 റിയാലിനുമാണ് ലേലക്കാർ സ്വന്തമാക്കിയത്.
സൗദി അറേബ്യക്കകത്തും പുറത്തുമുള്ള പ്രമുഖ ഉൽപാദകരെയും ഫാൽക്കൺ പ്രേമികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന അന്താരാഷ്ട്രതലത്തിൽ വിശ്വസനീയമായ പ്ലാറ്റ്‌ഫോമാണ് ഈ ലേലം ഒരുക്കുന്നത്. നാഷനൽ ഫാൽക്കൺ സെന്ററിെൻറ ഔദ്യോഗിക സംപ്രേക്ഷണങ്ങളിലൂടെയും ടെലിവിഷൻ വഴിയും ലേലനടപടികൾ തത്സമയം വീക്ഷിക്കാൻ സൗകര്യമുണ്ട്. കൂടാതെ, ലേലം വഴി സ്വന്തമാക്കുന്ന ഫാൽക്കണുകൾക്കായി ‘അൽ മൽവാഹ്’ റേസിങ് മത്സരങ്ങളിലെ ‘ഫർഖ്’ വിഭാഗത്തിലെ മുഴുവൻ റൗണ്ടുകളും മാറ്റിവെച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. ലോകത്തിലെ പ്രമുഖ ഉൽപാദന ഫാമുകളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ലേല പരിപാടികൾ ആഗസ്റ്റ 25 വരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

