റിയാദിൽ വ്യാജ അരികേന്ദ്രം കണ്ടെത്തി, പ്രമുഖ ബ്രാൻഡുകളുടെ വ്യാജം; 2700 കിലോ അരി പിടികൂടി
text_fieldsറിയാദിലെ ലൈസൻസില്ലാതെ പ്രവർത്തിച്ച അരി വിതരണ കേന്ദ്രത്തിൽ സൗദി വാണിജ്യ മന്ത്രാലയം പരിശോധന നടത്തിയപ്പോൾ
റിയാദ്: പ്രമുഖ ബ്രാൻഡുകൾ എന്ന് പറഞ്ഞ് വിൽക്കുന്ന അരികളിൽ പലതും വ്യാജൻ. അത്തരത്തിൽ ഒരു വ്യാജ അരി കേന്ദ്രം റിയാദിൽ കണ്ടെത്തി. സൗദി വാണിജ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ ഈ കേന്ദ്രത്തിൽനിന്ന് പ്രശസ്ത ബ്രാൻഡുകളുടെ വ്യാജനുകൾ മാത്രമല്ല കാലാവധി കഴിഞ്ഞ് ജീർണിച്ച അരിയും പിടികൂടി. ഇത്തരത്തിൽ 2700 കിലോ അരിയാണ് കണ്ടെത്തിയത്. വിപണിയിലേക്ക് പോകാൻ പാക്കറ്റുകളിലും ചാക്കുകളിലുമാക്കി തയാർ ചെയ്ത രൂപത്തിലാണ് പിടികൂടിയത്.
ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ ഈ സ്ഥാപനത്തിന് ലൈസൻസടക്കം ഒരു ഔദ്യോഗിക രേഖയുമുണ്ടായിരുന്നില്ല. വ്യാജ വ്യാപാരമുദ്രകളോടെ കാലാവധി കഴിഞ്ഞ അരി പായ്ക്ക് ചെയ്യുന്ന നിലയിലാണ് വലിയ കേന്ദ്രം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ വെയർഹൗസിൽ പരിശോധന നടത്തുന്നതിന്റെയും സാധനങ്ങൾ പിടികൂടുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ സൗദി വാണിജ്യ മന്ത്രാലയം ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
കാലാവധി കഴിഞ്ഞ അരികൾ പ്രശസ്ത ബ്രാൻഡുകളുടെ ബാഗുകളിലാണ് പായ്ക്ക് ചെയ്തിരുന്നത്. ശേഷം ഇതിന്റെ എക്സ്പയറി തീയതി മാറ്റിയെഴുതി വിപണിയിൽ എത്തിക്കുകയാണ് ചെയ്തുവന്നിരുന്നതത്രെ. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ സഹകരണത്തോടെ ഈ വെയർഹൗസ് ഉടൻ അടച്ചുപൂട്ടി. നിയമലംഘകർക്കെതിരെ കർശന നിയമ നടപടിക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

