ആരോഗ്യ ഇൻഷുറൻസ് വിഹിതം അടയ്ക്കുന്നതിൽ വീഴ്ച: തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ
text_fieldsറിയാദ്: ആരോഗ്യ ഇൻഷുറൻസ് നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് നടപടി കർശനമാക്കുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ വിവിധ നിയമലംഘനങ്ങളിലായി നൂറോളം വിധിന്യായങ്ങളിലൂടെ ഏകദേശം 40 ലക്ഷം റിയാലാണ് പിഴയായി ചുമത്തിയത്.
തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതാണ് പ്രധാനമായും നടപടിക്ക് കാരണമായത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കൗൺസിൽ നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നാൽ ഈ കാലാവധി പിന്നിട്ടിട്ടും വീഴ്ചകൾ പരിഹരിക്കാത്ത തൊഴിലുടമകൾക്കെതിരെയാണ് ഇപ്പോൾ കനത്ത പിഴ ഈടാക്കിയിരിക്കുന്നത്.
ആരോഗ്യ ഇൻഷുറൻസ് നിയമത്തിലെ ആർട്ടിക്കിൾ 41 പ്രകാരം, അംഗീകൃത ഇൻഷുറൻസ് കമ്പനികൾ വഴി തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം പൂർണമായും അടയ്ക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇൻഷുറൻസ് വിഹിതം അടയ്ക്കാത്ത ഓരോ വ്യക്തിക്കും പ്രത്യേകമായ പിഴ ഈടാക്കുന്നതിനൊപ്പം നിയമലംഘനത്തിെൻറ ഗൗരവം കണക്കിലെടുത്ത് കടുത്ത ശിക്ഷാ നടപടികളും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും വിസ സേവനങ്ങൾക്കും താൽക്കാലികമായോ സ്ഥിരമായോ നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇതിൽ ഉൾപ്പെടും. ഗുണഭോക്താക്കൾക്ക് തടസ്സമില്ലാത്തതും ഉയർന്ന ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ഈമാൻ അൽ തരീഫി അറിയിച്ചു.
ഇതിനായി വരും ദിവസങ്ങളിലും നിരന്തരമായ നിരീക്ഷണവും പരിശോധനയും തുടരുമെന്നും അവർ വ്യക്തമാക്കി. തൊഴിലുടമകൾക്ക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനാവശ്യമായ പിന്തുണ കൗൺസിൽ നൽകുന്നുണ്ട്. ഇൻഷുറൻസ് പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കി ആരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

