വിമാന ടിക്കറ്റിനൊപ്പം ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാൻ സൗകര്യം
text_fieldsമക്ക-മദീന ഹറമൈൻ റെയിൽവേ
റിയാദ്: ഹജ്ജ് തീർഥാടകർക്ക് തങ്ങളുടെ രാജ്യങ്ങളിൽനിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം മക്കക്കും മദീനക്കുമിടയിൽ സഞ്ചരിക്കാനുള്ള ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനായി സൗദി അറേബ്യൻ റെയിൽവേ കമ്പനിയും (സാർ) ഫ്ലൈനാസും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഏകീകൃത റിസർവേഷൻ സംവിധാനത്തിനുള്ളിൽ ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ടിക്കറ്റും വിമാന ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാനാവും.
ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനിൽ ഉദ്ഘാടനം ചെയ്ത ഈ സംവിധാനം വഴി എയർലൈൻ, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇത് യാത്ര നടപടിക്രമങ്ങൾ സുഗമമാക്കുകയും വ്യോമ, റെയിൽ ഗതാഗതം സംയോജിപ്പിക്കുകയും യാത്രയുടെ ആസൂത്രണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. ഉത്തരാഫ്രിക്ക-മധ്യപൂർവേഷ്യൻ മേഖലയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നിന്റെ നടത്തിപ്പുകാരാണ് സൗദി അറേബ്യൻ റെയിൽവേ കമ്പനി. 5500 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്നതാണ് സൗദി റെയിൽവേ ശൃംഖല.
യാത്രക്കാരെ കൂടാതെ ധാതുക്കൾ, ഇതര ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനും കൂടിയുണ്ട് നോർത്തേൺ റെയിൽവേ (റിയാദ്-അൽ ഹദ), ഈസ്റ്റേൺ റെയിൽവേ (ദമ്മാം-റിയാദ്), ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ (മക്ക-മദീന), മശാഇർ റെയിൽവേ (മക്കയിലെ പുണ്യസ്ഥലങ്ങൾക്കിടയിൽ) എന്നീ നാല് റെയിൽവേ ശൃംഖലകളാണ് ഈ സംവിധാനത്തിനുള്ളിലുള്ളത്. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക് മേഖലയിലെ ഏറ്റവും പ്രധാന സംരംഭമാണ് ഇന്ന് സൗദി റെയിൽവേ. മധ്യപൂർവേഷ്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനാണ് ഹറമൈൻ ഹൈ സ്പീഡ് ലൈനിൽ ഓടുന്നത്. മക്കക്കും മദീനക്കും ഇടയിലെ 400 കിലോമീറ്റലേറെ ദൂരം ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ താണ്ടുന്ന ഹറമൈൻ ഏറ്റവും വേഗതയേറിയതും നൂതനവുമായ ഗതാഗത മാർഗവുമാണ്.
വിമാനത്താവളവുമായി ബന്ധിപ്പിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ജിദ്ദ വിമാനത്താവളത്തിനുള്ളിലെ ഹറമൈൻ സ്റ്റേഷൻ. വിമാന, ട്രെയിൻ യാത്രകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലുടെ കുറഞ്ഞ മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിനും മക്ക, മദീനക്കുമിടയിൽ യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര സാധ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

