മരണവുമായി മുഖാമുഖം
text_fieldsസൈഫുദ്ദീൻ
വണ്ടൂർ
ജിദ്ദ
ഒരു കുഞ്ഞ് ഗേറ്റ് ദേഹത്ത് വീണു മരിച്ച സംഭവമുണ്ടായപ്പോൾ പണ്ട് മൂന്നു തവണ മരണത്തിൽനിന്ന് ഞാൻ വഴുതിപ്പോന്നത് ഓർമയിൽ മിന്നി. നിലമ്പൂരിൽ മരിച്ച ഐറ എന്ന പെൺകിടാവ് എന്റെ ഇളയ സഹോദരന്റെ പുത്രിയാണ്. എന്റെ കുട്ടിക്കാലത്ത് അലക്കാനും കുളിക്കാനും പോവാറ് കുളത്തിലേക്കാണല്ലൊ! വീട്ടിൽനിന്ന് അൽപം ദൂരം പിന്നിട്ടാൽ പൂക്കുളം ജി.എൽ.പി സ്കൂളാണ്. അതുകൊണ്ട് തന്നെ അതിനടുത്തുള്ള കുളം ‘പൂക്കുളം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെ ഉമ്മയും എളാമയും അലക്കാൻ പോയപ്പോൾ കുഞ്ഞായ എന്നെയും കൂട്ടി. എന്നെ കുളക്കരയിൽ ഒരിടത്ത് മാറ്റിയിരുത്തി ഉമ്മ തുണി കഴുകാൻ തുടങ്ങി. അതിനിടക്ക് ഞാൻ നീങ്ങി പോയത് ഉമ്മ കണ്ടില്ല. കുറച്ചുകഴിഞ്ഞ് കുഞ്ഞിനെ നോക്കുമ്പോഴാണ് വെള്ളത്തിൽ മുങ്ങി ഇരുകൈകൾ മാത്രം മുകളിൽ കാണുന്നത് എളാമാന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വെള്ളത്തിലേക്ക് എടുത്തു ചാടുകയും രക്ഷിക്കുകയും ചെയ്തു.
അത്ഭുതകരമായ ആ രക്ഷപ്പെടലിന്റെ കഥ പിന്നീട് ഉമ്മായും എളാമയുമൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ ഒരു ഞെട്ടലാണ്. ജീവിതത്തിൽ പിന്നീടും ഇതുപോലെ മരണത്തിന്റെ വക്കിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്ന മോഹം മൂത്ത് 1921 എന്ന സിനിമ ഷൂട്ടിങ് നടക്കുന്നിടത്ത് അവസരം തേടിച്ചെന്നപ്പോൾ ഒരു മൊട്ടത്തലയനായി അഭിനയിക്കാനുള്ള റോൾ കിട്ടി. മഞ്ചേരി ആനക്കയം പുഴയിൽ നടന്ന ഷൂട്ടിങ്ങിനിടെ കയത്തിലേക്ക് മുങ്ങിത്താണുപോയി.
ആ രംഗത്ത് ഒത്തിരി പേരുണ്ടായിരുന്നു നീന്താൻ അറിയുന്നവരും അറിയാത്തവരുമായി. പക്ഷെ പരിചയമില്ലാത്ത സ്ഥലമായതിനാലും ഏകദേശം പുലർച്ചെ മൂന്നു മണി നേരമായതിനാലും ആകെ ഇരുട്ടു നിറഞ്ഞ ഒരു പ്രതീതിയായിരുന്നു. എല്ലാവരും കയത്തിലകപ്പെടുകയായിരുന്നു. ഞാനൊഴിച്ച് എല്ലാവരും എങ്ങനെയോ കരപ്പറ്റി. ഞാനാണെങ്കിൽ മുങ്ങി താണു. വെള്ളം കുടിച്ച് ശ്വാസം ഇല്ലാതായി. സർവ്വശക്തിയും ഉപയോഗിച്ച് അവസാന ശ്വാസത്തിലൊരു കൈയുയർത്തി പൊങ്ങിയതും ദൈവത്തിന്റെ കരസ്പർഷം എന്ന് തന്നെ വിശേഷിപ്പിക്കാം, ആ കൈകളിൽ ആരോ പിടിച്ചു എന്നെ രക്ഷിച്ചു. മരിച്ചുജീവിച്ച ഒരു ജന്മം പോലെയാണ് ആ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും തോന്നുന്നത്. നീന്താനറിയില്ല ഇപ്പഴും!
എന്നാൽ മരണമുഖത്ത് എത്തി രക്ഷപ്പെടുന്ന അനുഭവം അവിടം കൊണ്ട് കഴിഞ്ഞില്ല. ജിദ്ദയിലെ പ്രവാസത്തിനിടെ നാട്ടിൽ അവധിക്ക് പോയ സമയം. വീടിന്റെ മുകളിലത്തെ റൂമുകളുടെ തേപ്പിന്റെ ജോലി ഏകദേശം അവസാനിച്ചിരിക്കുന്നു. ചുമര് നനക്കാൻ കയറിയതാണ്. ആൺ മക്കളും സഹായിക്കാൻ കൂടെ കൂടിയിട്ടുണ്ട്. ഭാര്യ അടുക്കള ജോലിയിലാണ്. നനയൊക്കെ കഴിഞ്ഞ് കുട്ടികൾ പോയി. വാടകക്ക് എടുത്ത വാട്ടർ ടാങ്ക് കഴുകി വൃത്തിയാക്കാമെന്ന് കരുതി അതിനുള്ള തയാറെടുപ്പ് തുടങ്ങി.
തറയിലോട്ട് കമഴ്ത്തി അതിനുള്ളിലെ വെള്ളവും ചളിയും പുറത്തേക്ക് കളഞ്ഞു. ചെരിച്ച് കിടത്തി അതിനുള്ളിലെ ചെളി കമഴ്ന്നുകിടന്നുകൊണ്ട് ശിരസ്സും വലതു കൈയ്യും ഉപയോഗിച്ചു ക്ലീൻ ചെയ്യാൻ തുടങ്ങി. അത് പൂർത്തിയാക്കി അതിനുള്ളിൽനിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നിനിടെ ആ ടാങ്കൊന്ന് ഉരുണ്ടു. ഒരു നിലക്കും എനിക്ക് പുറത്ത് കടക്കുവാനോ വിളിച്ചു ആളെ വരുത്തുവാനോ സാധിച്ചില്ല. അങ്ങാട്ടും മിങ്ങോട്ടുള്ള ഉരുളലിൽ എന്റെ കഴുത്തിന്റെ നെക്കിൽ ഒരു കീറൽ വീണു. എന്റെ ശിരസ്സ് അതിനുള്ളിലായതു കൊണ്ട് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പാടില്ലായിരുന്നു. ടാങ്ക് അങ്ങനെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കൊണ്ടിരുന്നു. ഒടുവിൽ ഒരു ഇഷ്ടിക കെട്ടിൽ തട്ടിനിന്നു. ഞാൻ പുറത്ത് കടന്നു, എന്നിട്ടാണ് ഭാര്യയെയും മക്കളെയും വിളിക്കാൻ കഴിഞ്ഞത്! കെട്ട് അവിടെ ഇല്ലായിരുന്നെങ്കിൽ.....! ശിരസ്സു കുടുങ്ങിപ്പോയ ഞാനും വാട്ടർടാങ്കും 10 അടി താഴ്ച്ചയിലേക്ക് പതിക്കുമായിരുന്നു! ഇപ്പോഴും ഓർക്കുമ്പോൾ ഒരു ഞെട്ടലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

