കൺകുളിർമയേകുന്ന കാഴ്ച്ചയുമായി അൽ ഖഹ്ർ പർവതം
text_fieldsയാംബു: മരുഭൂമിയിലെ പ്രകൃതി വിസ്മയങ്ങളിൽ നയനാനന്ദകരമായ നിരവധി ഭൂപ്രദേശങ്ങളുണ്ട് ജിസാൻ മേഖലയിൽ. പർവതനിരകളുടെ സൃഷ്ടിവൈഭവവും പ്രകൃതി സൗന്ദര്യവും ആവോളം ആസ്വദിക്കാൻ അവധി ദിനങ്ങളിൽ സഞ്ചാരികൾ എത്തുന്ന പറുദീസയായി മാറിയിരിക്കുകയാണ് അൽ റൈത്തിലെ അൽ ഖഹ്ർ പർവതനിരകൾ. ജിസാനിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ വടക്ക് - കിഴക്ക് അൽ റൈത്ത് ഗവർണറേറ്റിലാണ് അൽ ഖഹ്ർ പർവത നിരകൾ സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പാറക്കൂട്ടങ്ങളുടെ വശ്യമായ ചാരുതയും അത്യാകർഷകമായ രൂപ സാദൃശ്യവുമാണ് സന്ദർശകരെ ആകർഷി ക്കുന്നത്.
മലമുകളിൽനിന്ന് താഴേക്ക് നോക്കുമ്പോഴുള്ള ദൃശ്യങ്ങളും ചരിവുകളോടെയുള്ള മലമടക്കുകളും ഏതൊരു സഞ്ചാരിക്കും ഹൃദ്യ മായ കാഴ്ച തന്നെയാണ്. സാഹസികത ഇഷ്ടപ്പെടുന്ന പ്രദേശത്തെ ആളുകൾ ദുർഘടമായ ഇവിടത്തെ ഭൂപ്രകൃതിയോടിണങ്ങി ജീവിക്കാൻ ശീലിച്ചവരാണ്. ആവശ്യമായ മുന്നൊരുക്കവും ഭക്ഷണവും വെള്ളവുമെല്ലാം കരുതി ഉല്ലാസദായകമാക്കാൻ എത്തുന്ന സന്ദർശകർ ഇവിടത്തെ സായന്തനങ്ങളിലെ നിത്യകാഴ്ച്ചയാണ്. അൽ ഖഹ്ർ പർവതനിരകളുടെ താഴ്വാരങ്ങളിൽ അത്യപൂർവമായ ഔഷധ സസ്യങ്ങളും മരങ്ങളും തഴച്ചുവളരുന്നു. കാഴ്ചയിൽ ഈന്തപ്പനയെ പോലെ യിരിക്കുന്ന 'അൽ ഷത്ബ്' എന്ന പേരിലറിയപ്പെടുന്ന മരങ്ങളുടെ അപൂർവ സംഗമ സ്ഥലം കൂടിയാണിവിടെ. ചൂരൽ ചെടികളും ഫലവൃക്ഷങ്ങളും ഈ താഴ്വരകളിൽ ധാരാളമായി കാണാം.
പൊതുവെ മിതമായ കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെങ്കിലും ശീതകാലത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നതായി പ്രദേശവാസികൾ പറയുന്നു. തണുപ്പും കോടമഞ്ഞും ആസ്വദിക്കാനും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. വളഞ്ഞു പുളഞ്ഞ പാതകളിലൂടെ മലഞ്ചരിവുകളിലേക്കുള്ള യാത്ര തന്നെ ഏറെ വിസ്മയ കാഴ്ച്ചയൊരുക്കുന്നു. മരങ്ങൾ നിറഞ്ഞ ഹരിതാഭമായ കുന്നുകളിലേക്ക് നടന്നുചെല്ലാനുള്ള നടപ്പാതകളും ഉച്ചിയിൽനിന്ന് ചുറ്റുമുള്ള താഴ്വാരങ്ങളുടെയും മലഞ്ചരുവുകളുടെയും സുന്ദരമായ കാഴ്ച്ചകൾ ആസ്വദിക്കാനുമുള്ള സൗകര്യങ്ങളും ഇവിടത്തെ വേറിട്ട പ്രത്യേകതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

