മക്കയിലും മദീനയിലും ഭക്ഷ്യനിർമാണ ശാലകളിൽ വിപുലമായ പരിശോധന
text_fieldsമക്കയിലും മദീനയിലും ഭക്ഷ്യനിർമാണശാലകളിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നടത്തിയ പരിശോധന
റിയാദ്: ഹജ്ജ് സീസണിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി മക്കയിലും മദീനയിലും ഭക്ഷ്യനിർമാണ ശാലകളിൽ വിപുലമായ പരിശോധന. ഹജ്ജ് സീസണിനായുള്ള മുൻകരുതലായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മക്ക, മദീന മേഖലകളിലെ തങ്ങളുടെ അധികാര പരിധിയിലുള്ള ഫുഡ് ഫാക്ടറികളിൽ 300 ലധികം ഫീൽഡ് സന്ദർശനങ്ങൾ നടത്തി.
പരിശോധനക്കിടയിൽ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച നിരവധി ഫാക്ടറികളും സ്ഥാപനങ്ങളും കണ്ടെത്തുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ചില സ്ഥാപനങ്ങൾ ഗുരുതരമായ വ്യതിയാനം വരുത്തിയതായും പരിശോധനയിൽ കണ്ടെത്തി. ഇത്തരം ചട്ടലംഘനങ്ങൾ സംഭവിക്കുന്നതിന് മുമ്പ് സ്ഥാപനങ്ങളെ സ്വയം നിരീക്ഷിക്കാനും തിരുത്താനും പ്രാപ്തമാക്കുന്നതിലൂടെ സ്വയം നിയന്ത്രണം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ‘സ്വയം വിലയിരുത്തൽ’ സംരംഭത്തിൽ ചേരാൻ അതോറിറ്റി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്. ഹജ്ജ് സീസണിൽ സുരക്ഷയും ഗുണനിലവാരവും ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ സന്നദ്ധത ഉറപ്പാക്കുന്നതിനും അതോറിറ്റി സ്വീകരിക്കുന്ന പ്രധാന സംവിധാനങ്ങളിലൊന്നാണ് ഈ സംരംഭം. ഇത് തീർഥാടകരുടെ ആരോഗ്യത്തെയും സുരക്ഷയെയും ഗുണപരമായി ബാധിക്കും.
ഉൽപാദന പ്രക്രിയകളിൽ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളെയും രീതികളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനാണ് അതോറിറ്റി ഇത്തരം പരിശോധന കാമ്പയിനുകളിൽ ഊന്നൽ നൽകുന്നത്. ഇത് ആരോഗ്യ നിയന്ത്രണങ്ങളും ആവശ്യകതകളും പാലിക്കുന്നതിന്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

