ജിദ്ദ അൽ ഖുംറയിൽ വൻ പരിശോധന: 230 അനധികൃത കച്ചവടകേന്ദ്രങ്ങൾ ഒഴിപ്പിച്ചു; 33 പേർ പിടിയിൽ
text_fieldsജിദ്ദ: നഗരസൗന്ദര്യം നിലനിർത്തുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ജിദ്ദ അൽ ഖുംറ മേഖലയിൽ അധികൃതർ വ്യാപക പരിശോധന നടത്തി. ജിദ്ദ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെ (അമാനത്ത്) നേതൃത്വത്തിൽ, തെരുവ് കച്ചവടക്കാരെയും അനധികൃത യാചകരെയും തടയുന്നതിനുള്ള പ്രത്യേക സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ചായിരുന്നു അൽ ജനൂബ് സബ് മുനിസിപ്പാലിറ്റി പരിധിയിലെ ഈ സംയുക്ത നടപടി.
അനധികൃത കച്ചവടങ്ങൾ ഇല്ലാതാക്കി പൊതുനിയമങ്ങൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശോധനയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന 230 തട്ടുകടകൾ ഒഴിപ്പിച്ചു. കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ, ആക്രി സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ പിടിച്ചെടുക്കുകയും, ഏകദേശം 362 ടൺ മാലിന്യങ്ങൾ നീക്കം ചെയ്ത് ലാൻഡ്‌ഫില്ലിലേക്ക് മാറ്റുകയും ചെയ്തു. പിടിച്ചെടുത്തവയിൽ ഉപയോഗയോഗ്യമായ സാധനങ്ങൾ 14 ടിപ്പർ ലോറികളിലാക്കി അൽ ജനൂബ് മുനിസിപ്പാലിറ്റിക്ക് കൈമാറി; ഇവ നിയമനടപടികൾക്ക് ശേഷം ജീവകാരുണ്യ സംഘടനകൾ വഴി വിതരണം ചെയ്യും.
നിയമം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയ 33 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി കർശന നിയമനടപടികൾ സ്വീകരിച്ചു. അനധികൃത വിൽപ്പന ഇല്ലാതാക്കാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ നഗരസാഹചര്യം ഒരുക്കുന്നതിനും ഇത്തരം കാമ്പെയ്‌നുകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ അധികൃതർ, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

