Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുണ്യസ്ഥലങ്ങളിൽ...

പുണ്യസ്ഥലങ്ങളിൽ വിപുലമായ ഹജ്ജ് ആരോഗ്യ സജ്ജീകരണങ്ങൾ: 3,800 കിടക്കകളുടെ ആശുപത്രി സൗകര്യം

text_fields
bookmark_border
പുണ്യസ്ഥലങ്ങളിൽ വിപുലമായ ഹജ്ജ് ആരോഗ്യ സജ്ജീകരണങ്ങൾ: 3,800 കിടക്കകളുടെ ആശുപത്രി സൗകര്യം
cancel
camera_alt

ഹജ്ജ്​ ഒരുക്കവുമായി ബന്ധപ്പെട്ട്​ റിയാദിൽ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിൽ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ സംസാരിക്കുന്നു

റിയാദ്: തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിലും ‘ക്രൗഡ് മെഡിസിൻ’ മേഖലയിലും സൗദി അറേബ്യ ആഗോളതലത്തിൽ സമാനതകളില്ലാത്ത മാതൃകയായി മാറിയെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ പ്രസ്താവിച്ചു. ഹജ്ജ് സീസൺ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവത്തി​െൻറ അതിഥികൾക്ക് സവിശേഷവും സുരക്ഷിതവുമായ അനുഭവമാക്കി മാറ്റാൻ മന്ത്രാലയം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ ഹജ്ജ്​ ഒരുക്കവുമായി ബന്ധപ്പെട്ട്​ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തിലെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ ഹജ്ജിനെ നേരിടാൻ മുൻകൂർ പ്ലാനിങ്ങിലൂടെയും വിപുലമായ തയ്യാറെടുപ്പുകളിലൂടെയുമാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്. തീർഥാടകർ രാജ്യത്ത് എത്തുന്നതുമുതൽ മടങ്ങിപ്പോകുന്നത് വരെ നീളുന്ന സമഗ്രമായ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതി​െൻറ ഭാഗമായി സൗദിയിലെ ‘ക്രൗഡ് മെഡിസിൻ’ സെൻററിനെ ലോകാരോഗ്യ സംഘടന ഒരു ആഗോള സ്പെഷ്യലൈസ്ഡ് കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. അന്താരാഷ്​ട്ര തലത്തിൽ പല രാജ്യങ്ങളും ഈ വൈദഗ്ധ്യം ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപുലമായ ചികിത്സാ സൗകര്യങ്ങൾ

തീർഥാടകർക്കായി മക്കയിലും മദീനയിലുമായി 20,000-ലധികം കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 3,800 കിടക്കകൾ മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ മാത്രമായി ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധിപ്പിച്ച് 25 ആക്കി ഉയർത്തി.

കൂടാതെ, സുരക്ഷാ-സൈനിക വിഭാഗങ്ങളുമായി സഹകരിച്ച് 1,200 കിടക്കകളുള്ള മൂന്ന് ഫീൽഡ് ആശുപത്രികളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മിനയിൽ പുതുതായി നിർമ്മിച്ച 200 കിടക്കകളുള്ള എമർജൻസി ആശുപത്രിക്ക് പുറമെ, നിലവിലുള്ള ആശുപത്രികളുടെ ശേഷി ഇരട്ടിയാക്കുകയും പുണ്യസ്ഥലങ്ങളിലുടനീളം 71 മെഡിക്കൽ പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

അത്യാധുനിക സേവനങ്ങൾ

900ലധികം ആംബുലൻസുകളും 11 എയർ ഇവാക്യുവേഷൻ വിമാനങ്ങളും അടങ്ങുന്ന വിപുലമായ സന്നാഹമാണ് ആരോഗ്യ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്. 25,000-ലധികം ആരോഗ്യ പ്രവർത്തകർ ഈ സീസണിൽ സേവനമനുഷ്ഠിക്കും. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ, ‘സെഹ വെർച്വൽ ഹോസ്പിറ്റലുമായി’ ബന്ധിപ്പിച്ച സ്മാർട്ട് സെൻസറുകൾ വഴി ഗുരുതരാവസ്ഥയിലുള്ള രോഗികളെ നിരീക്ഷിക്കാനും, മെഡിക്കൽ സാമ്പിളുകളും മറ്റും എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ നിർദ്ദേശങ്ങൾ

2026ലെ ഹജ്ജ് സീസണിലേക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ നിബന്ധനകൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ഉയർന്ന താപനില, സൂര്യാഘാതം, കഠിനമായ ശാരീരിക ക്ഷീണം എന്നിവയുണ്ടാക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാൻ മന്ത്രാലയം കൃത്യമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്.

‘പ്രതിരോധം, പ്രതിരോധം, വീണ്ടും പ്രതിരോധം’ എന്നതായിരിക്കണം തീർഥാടകരുടെ മന്ത്രമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്​ട്ര തലത്തിലെ പകർച്ചവ്യാധികളുടെ സാഹചര്യം മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ വാക്സിനേഷനുകൾ ഉറപ്പാക്കാൻ അതിർത്തികളിൽ പരിശോധന കർശനമാക്കിയതായും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudhi arabiaHealth Facilitieshajjhospital facility
News Summary - Extensive Hajj health facilities at holy sites: 3,800-bed hospital facility
Next Story