എക്സ്പോ 2030 പതാക കൈമാറ്റം: ഒസാക്കയിൽ അമ്പരപ്പിക്കുന്ന ആഘോഷം
text_fieldsജപ്പാനിലെ ഒസാകയിൽ നടന്ന പതാക കൈമാറ്റ ചടങ്ങിൽനിന്ന്
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ആതിഥേയത്വം വഹിക്കാൻ പോകുന്ന എക്സ്പോ 2030 പതാകയുടെ കൈമാറ്റം ജപ്പാനിലെ ഒസാകയിൽ അമ്പരപ്പിക്കുന്ന ആഘോഷമായി. ജപ്പാനിലെ ഒസാക്കയിൽ നടന്നുവരുന്ന എക്സ്പോ അരീന മത്സുരിയിൽ ആണ് ‘ഒസാക്കയിൽ നിന്ന് റിയാദിലേക്ക്’ എന്ന പേരിൽ അതിശയകരമായ സാംസ്കാരിക പരിപാടികൾ നടന്നത്.
ഇത് ലോകം കാത്തിരിക്കുന്ന അസാധാരണ അനുഭവത്തിന്റെ നേർക്കാഴ്ചയായി. 15000ത്തിലധികം സന്ദർശകർ പങ്കെടുത്ത പരിപാടിയിൽ കിഴക്കൻ, സൗദി കലകളെ സർഗ്ഗാത്മകതയുടെയും വൈവിധ്യത്തിന്റെയും ആത്മാവുമായി സമന്വയിപ്പിച്ച ഉത്സവ അന്തരീക്ഷമൊരുക്കി.
സൗദിയിലെയും ജപ്പാനിലെയും കലാകാരന്മാർ അവതരിപ്പിച്ച സംഗീത, സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി. ലേസർ, ഹോളോഗ്രാം സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള അതിശയകരമായ ദൃശ്യ പ്രദർശനങ്ങളും ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന സംവേദനാത്മക പരിപാടികളും ഉണ്ടായിരുന്നു.
എക്സ്പോ 2025 ഒസാക്കയുടെ സമാപന പരിപാടികളിൽ ഒന്നായിരുന്നു ഈ പരിപാടി. അടുത്ത ദശകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടികളിൽ ഒന്നിന് ആതിഥേയത്വം വഹിക്കാനും 2030 ൽ ലോകത്തിന് അസാധാരണമായ ഒരു അനുഭവം നൽകാനുമുള്ള സൗദിയുടെ സന്നദ്ധതയും സ്ഥിരീകരിക്കുന്നതായിരുന്നു ഒസാക്കയിൽ നിന്ന് റിയാദിലേക്കുള്ള പതാകയുടെ ഔദ്യോഗിക കൈമാറ്റം പ്രതീകപ്പെടുത്തിയ പരിപാടി.
‘ഭാവിയിലേക്കുള്ള ഒരു ദർശനം’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 30 വരെ എക്സ്പോ 2030 റിയാദിൽ നടക്കും. ആറ് ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നവീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന അഞ്ച് പ്രധാന മേഖലകളായി തിരിച്ചായിരിക്കും പ്രദർശനം നടക്കുക.
197 രാജ്യങ്ങളും 29 അന്താരാഷ്ട്ര സംഘടനകളും പങ്കെടുക്കുന്ന പ്രദർശനത്തിൽ 42 ദശലക്ഷത്തിലധികം സന്ദർശകരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടുതൽ പരസ്പരബന്ധിതവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന ആശയങ്ങൾ കൈമാറുന്നതിനും നൂതനമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനുമുള്ള ഒരു ആഗോള വേദിയായിയാകും.
റിയാദിലെ പ്രദർശന സ്ഥലത്തെ പിന്നീട് ഒരു സുസ്ഥിര ആഗോള ഗ്രാമമാക്കി മാറ്റുകയും ശാശ്വതമായ ഒരു സാംസ്കാരിക പൈതൃകം അവശേഷിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പുരോഗതിക്കും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഒരു ആഗോള ലക്ഷ്യസ്ഥാനമായി സ്വയം സ്ഥാപിക്കാനുള്ള സൗദിയുടെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക വിനിമയത്തിനും നവീകരണത്തിനുമുള്ള ഒരു കേന്ദ്രമായി ഇത് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

